kannur local

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം; പ്രതിഷേധം ശക്തം

കണ്ണൂര്‍: നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികള്‍ക്കും സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന നിലപാടിനുമെതിരേ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി നടത്തിയ പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതും  കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നതും പൊതു പണിമുടക്കിനെ ബന്ദിന്റെ പ്രതീതിയിലാക്കി.
ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ അണിനിരന്നതോടെ നിരത്തുകള്‍ നിശ്ചലമായിരുന്നു. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവനക്കാരെത്തിയില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നത് കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപോര്‍ട്ട് ചെയ്തില്ല. വിവിധ സ്ഥലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ സംയുക്തമായും ഒറ്റയ്ക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ബിജെപി സര്‍ക്കാരിന്റെ കാടന്‍ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ ഒറ്റക്കെട്ടായി രേഖപ്പെടുത്തി. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമായി.
ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രൃ-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കിലുണ്ട്. ഓട്ടോ, ടാക്‌സി, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ പൂര്‍ണമായും അണിചേര്‍ന്നു. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമായി. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.കണ്ണൂര്‍ നഗരത്തില്‍ തളാപ്പ് സുന്ദേരേശ്വര ക്ഷേത്ര ഉല്‍സല ഭാഗമായുള്ള ആറാട്ട് ഉല്‍സവം കണക്കിലെടുത്ത് ഇന്നലെ വൈകീട്ട് മൂന്നിനു ശേഷം കണ്ണൂര്‍, തളാപ്പ് പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വൈകീട്ടോടെ സര്‍വീസ് നടത്തി.രാവിലെ മുതല്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടിയില്‍ നിന്നെത്തിയ ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാന്‍ പോലിസ് രംഗത്തെത്തിയത് ഏറെ ആശ്വാസമായി. ഇടവിട്ട സമയങ്ങളില്‍ ദീര്‍ഘദൂര യാത്രക്കാരെ പോലിസ് ബസ്സിലാണ് സ്ഥലങ്ങളിലെത്തിച്ചത്.
പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്റ്, മുനീശ്വരന്‍ കോവില്‍, മാര്‍ക്കറ്റ് റോഡ്, ബാങ്ക് റോഡ്, പ്ലാസ ജങ്ഷന്‍ വഴി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയര്‍മാന്‍ വി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍, എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം, താവം ബാലകൃഷ്ണന്‍(എഐടിയുസി),  കെഎന്‍ഇഎഫ് സംസ്ഥാന സെക്രട്ടറി സി മോഹനന്‍, പി ഉണ്ണികൃഷ്ണന്‍(കോണ്‍ഗ്രസ്-എസ്), സമരസമിതി കണ്‍വീനര്‍ കെ മനോഹരന്‍, വഹാബ് കണ്ണാടിപ്പറമ്പ്(എന്‍എല്‍യു), കെ ബാലകൃഷ്ണന്‍, എം കെ ജയരാജന്‍, ടി രാമകൃഷ്ണന്‍ സംസാരിച്ചു. സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിന് കേരള പത്രപ്രവര്‍ത്തക യൂനിയന്റെയും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്റെയും കോ-ഓഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. പണിമുടക്ക് ദിനത്തില്‍ സംയുക്ത തൊഴിലാളി സമരസമിതി നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെയുഡെബ്ല്യുജെ, കെഎന്‍ഇഎഫ് അംഗങ്ങളും പങ്കെടുത്തു. കമ്മിറ്റി ഭാരവാഹികളായ പ്രശാന്ത് പുത്തലത്ത്, കെ മധു, കെ ടി ചന്ദ്രശേഖരന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it