Kollam Local

ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കൊടുംവേനലില്‍ കിണറുകളും മറ്റ് ജലാശയങ്ങളും വറ്റി വരണ്ട അവസ്ഥയിലാണ്. നദികളിലും വെള്ളം വറ്റി തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. തലച്ചുമടായും മറ്റും പല ഭാഗങ്ങളില്‍ വെള്ളം എത്തിക്കുകയാണ്. ഉയര്‍ന്ന ഭാഗങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. നദിയുടെ കരകളിലുള്ള കിണറുകള്‍ വറ്റിയിട്ട് ഒരു മാസത്തോളമായി. അനധികൃത മണല്‍വാരലാണ് നദികളെ തകര്‍ത്തത്. നദികളുടെ കരകള്‍പോലും ഇടിച്ച് മണല്‍ ശേഖരിച്ചതുമൂലം കിണറില്‍ നിന്നുള്ള വെള്ളം ഉള്‍വലിഞ്ഞ അവസ്ഥയിലാണ്. ചില മേഖലകളില്‍ ചെറിയ വേനല്‍മഴയുണ്ടായെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ് . പുനലൂര്‍ നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും പുനലൂരിന് വെള്ളം അനുവദിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കരവാളൂര്‍, ഇളമ്പല്‍, കുന്നിക്കോട്, ചവറ, കരുനാഗപ്പള്ളി, കൊട്ടാരക്കര മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട ശുദ്ധജല തടാകവും മരണമണി കിലുക്കുകയാണ്. തടാകത്തിന്റെ ഒട്ടുമിക്കഭാഗങ്ങളും കരകണ്ടു. വെടിച്ചുകീറിയ നിലയില്‍ അതീവ ദയനീയമായി തടാകം അന്ത്യശ്വാസം വലിക്കുകയാണ്.
കല്ലടയാറിന്റെ പോഷകനദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ ആറുകള്‍ വരണ്ടതാണ് കുടിവെള്ള ജലക്ഷാമത്തിന് കാരണം. ഏരൂര്‍, അഞ്ചല്‍, കരവാളൂര്‍, പിറവന്തൂര്‍ പഞ്ചായത്തുകള്‍ക്ക് പുറമെ പുനലൂര്‍ നഗരസഭാ പ്രദേശങ്ങളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമര്‍ന്നു.
ഒരു മാസമായി അനുഭവപ്പെടുന്ന കൊടുംചൂടില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി. ആര്യങ്കാവ് പഞ്ചായത്തിലെ ജനങ്ങളിലധികവും കഴുതുരുട്ടി ആറിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.
ആറും വരണ്ടുണങ്ങിയതോടെ ആറ്റില്‍ കുളം കുഴിച്ച് അതില്‍ നിന്നാണ് ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്. പഞ്ചായത്തിലെ തോട്ടം മേഖലയായ അമ്പനാട്, ആനച്ചാടി, പൂന്തോട്ടം, വെഞ്ച്വര്‍, ചേനഗിരി, ഫ്‌ളോറന്‍സ് എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. എസ്‌റ്റേറ്റിലൂടെ കടന്ന് പോകുന്ന നെടുമ്പാറ തോടും വറ്റിയതോടെ തോട്ടം തൊഴിലാളികള്‍ ദുരിതത്തിലാണ്. കെഐപിയുടെ വലതുകര കനാല്‍ തുറന്നതോടെ അതിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ആശ്വാസത്തിലാണ്. കനാലില്‍ നിന്ന് നേരിട്ടും വീട്ടമ്മമാര്‍ വെള്ളം ശേഖരിക്കുന്നുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് പുനലൂര്‍ നഗരസഭാ പ്രദേശത്ത് കൂടി ജലവിതരണം നടത്തിയാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. എന്നാല്‍ അതിനുള്ള നടപടികള്‍ ഇനിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
വരള്‍ച്ച നേരിടാനായി അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട അറ്റകുറ്റപ്പണികള്‍, ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ എന്നിവ എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ വില്ലേജുകളില്‍ വെള്ളം ലഭ്യമല്ലാത്ത ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കൊല്ലം നഗരത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും ജലമെത്തിക്കാനാകും. നഗരത്തിലെ കുടിവെള്ള ക്ഷാമം ഇതിലൂടെ പരിഹരിക്കാനാകും. അപ്പോള്‍ ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ശാസ്താകോട്ടയില്‍ നിന്നുള്ള വെള്ളം എത്തിക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it