thrissur local

ജില്ലയില്‍ കിഫ്ബി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

തൃശൂര്‍: ജില്ലയില്‍ കിഫ്ബിപദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ നിര്‍ദേശിച്ചു. 2016-17 കാലത്തെ 19 പ്രവൃത്തികളില്‍ അവശേഷിക്കുന്നവയും 2017-18 ലെ 16 പ്രവൃത്തികളും വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കിഫ്ബിയിലൂടെ ഏഴ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടങ്ങളും കൊരട്ടി ഗാന്ധിഗ്രാമം ഗവ. ആശുപത്രിയും ഉടന്‍ പൂര്‍ത്തീകരിക്കും. ഗാന്ധിഗ്രാമം ആശുപത്രിയുടെ ഒപി ബ്ലോക്കിന് 43 കോടി രൂപയാണ് കിഫ്ബിയിലൂടെ പ്രൊപ്പോസല്‍ ചെയ്തിട്ടുള്ളത്. കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ആശുപത്രിയുടെ നിര്‍മാണ ചുമതല. ജില്ലയിലെ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 13 സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപ വീതവും 17 സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതവും 13 എല്‍പി, യുപി സ്‌കൂളുകള്‍ക്ക് ഓരോ കോടി രൂപ വീതവും കിഫ്ബിയിലൂടെ ചെലവഴിക്കും. ജില്ലയില്‍ ഭൂരഹിതരെയും ഭവനരഹിതരെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്തി നടത്തുന്ന പുനരധിവാസ പാക്കേജ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കി. ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് 17 പ്ലോട്ടുകള്‍ പരിശോധിച്ചതില്‍ 14 എണ്ണവും ഭവന സമുച്ചയത്തിന് യോഗ്യമാണെന്ന് കണ്ടെത്തി. ഇതില്‍ പെരിഞ്ഞനം പഞ്ചായത്തില്‍ കണ്ടെത്തിയ 61 സെന്റ് സ്ഥലത്തിന് വഴി കണ്ടെത്താന്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കി. ഗ്രാമസഭ, വാര്‍ഡ്‌സഭ പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 4836 വീടുകള്‍ പൂര്‍ത്തിയായി. മറ്റുള്ളവ 2018 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. ഓഖി ദുരിതമേഖലയില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യും. കടല്‍ഭിത്തി, മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവ കാര്യക്ഷമമായി ചെയ്തു തീര്‍ക്കും. മല്‍സ്യത്തൊഴിലാളികളുടെ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ നിജസ്ഥിതി വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. യോഗത്തില്‍ എംഎല്‍എമാരായ മുരളി പെരുനെല്ലി, ബി ഡി ദേവസ്സി, കെ വി അബ്ദുല്‍ ഖാദര്‍, ഗീതാഗോപി, ഇ ടി ടൈസ ണ്‍ മാസ്റ്റര്‍, അഡ്വ. കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കലക്ടര്‍ എ കൗശികന്‍, സബ് കലക്ടര്‍ രേണുരാജ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു ഗീത പങ്കെടുത്തു.
Next Story

RELATED STORIES

Share it