wayanad local

ജില്ലയില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം അവതാളത്തില്‍

കല്‍പ്പറ്റ: മതിയായ ഫണ്ടില്ലാത്തതിനാല്‍ ജില്ലയില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. ആവശ്യമായ സ്ഥലത്തെല്ലാം ഫയര്‍ലൈന്‍ നിര്‍മിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് വനം-വന്യജീവി വകുപ്പ്. ഫയര്‍ വാച്ചര്‍മാരുടെ എണ്ണം വെട്ടിക്കുറച്ചതും വനസംരക്ഷണത്തെ ബാധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ 110ഉം കുറിച്യാട് 101.75ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 121ഉം തോല്‍പ്പെട്ടി റേഞ്ചില്‍ 118.75ഉം കിലോമീറ്റര്‍ ഫയര്‍ലൈനാണ് നിര്‍മിച്ചത്. ഫണ്ട് കുറവായതിനാല്‍ ഈ വര്‍ഷം ഇതു യഥാക്രമം 68, 49.37,  53.2, 50.9 കിലോമീറ്ററായി കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ലൈല്‍ഡ് ലൈഫ് ഡിവിഷന്‍ അധികൃതര്‍. ഫയര്‍വാച്ചര്‍മാരുടെ എണ്ണവും ഇക്കുറി വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുത്തങ്ങ-67, കുറിച്യാട്-70, സുല്‍ത്താന്‍ ബത്തേരി-75, തോല്‍പ്പെട്ടി -41 എന്നിങ്ങനെയാണ് ഫയര്‍വാച്ചര്‍മാരെ നിയമിച്ചത്. ഇത്തവണ ഇതു യഥാക്രമം 49, 37, 50, 25 എന്നിങ്ങനെയാണ്. വന്യജീവി സങ്കേതത്തിലെ കാട്ടുതീ പ്രതിരോധത്തിനു കഴിഞ്ഞവര്‍ഷം 95 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇക്കുറി തുക 74 ലക്ഷം രൂപയായി കുറച്ചു. വനസംരക്ഷണത്തിന് വന്യജീവി സങ്കേതത്തിന് അനുവദിച്ച ഒരു കോടി രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരിക്കയുമാണ്. ഫയര്‍ വാച്ചര്‍മാര്‍ക്ക് ഈ മാസം കൂടി വേതനം നല്‍കാനുള്ള തുകയേ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അക്കൗണ്ടിലുള്ളൂവെന്നാണ് വിവരം. വരള്‍ച്ചയും കാട്ടുതീ ഭീഷണിയും ശക്തമാവുന്ന മാര്‍ച്ചില്‍ ഫയര്‍വാച്ചര്‍മാരുടെ വേതനവിതരണം മുടങ്ങുന്ന അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ലൈന്‍ നിര്‍മാണം കരാറുകാരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഡിവിഷനിലെ നാലു റേഞ്ചുകളിലും ഫയര്‍ലൈന്‍ നിര്‍മാണം തുടങ്ങിയിട്ടേയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ ഡിസംബറോടെ പൂര്‍ത്തിയാക്കിയതാണ് ഫയര്‍ലൈന്‍ പ്രവൃത്തി. ജലസുരക്ഷയുടെ ആണിക്കല്ലായ വനങ്ങളെ തീയില്‍നിന്നു രക്ഷിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനംവകുപ്പ് മേധാവികള്‍ വീഴ്ച വരുത്തുകയാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ എന്‍ ബാദുഷ, തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, എ വി മനോജ് ആരോപിച്ചു. കാട്ടുതീ പ്രതിരോധത്തിന് പ്രാകൃത മുറകളാണ് വനം-വന്യജീവി വകുപ്പ് അവലംബിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ജില്ലയിലെ മൂന്നു വനം ഡിവിഷനുകള്‍ക്കും കാട്ടുതീ പ്രതിരോധത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുക, മിനി ഫയര്‍ എന്‍ജിനുകള്‍, മെക്കാനിക്കള്‍ ബ്രഷ് കട്ടറുകള്‍, വാഹനങ്ങള്‍, ഹീറ്റ് ഡിറ്റക്ടര്‍ ഡ്രോണുകള്‍ എന്നിവ ലഭ്യമാക്കുക, ഫയര്‍ വാച്ചര്‍മാരുടെ എണ്ണം മൂന്നിരിട്ടിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വനസമ്പത്തിനെ തീയില്‍നിന്നു രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഫയര്‍ ആന്റ് റസ്‌ക്യൂ ഫോഴ്‌സ് എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍തലത്തില്‍ നടപടി അനിവാര്യമാണെന്നു സമിതി പ്രവര്‍ത്തകരായ ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, ബാബു മൈലമ്പാടി, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ, തച്ചമ്പത്ത് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it