kannur local

ജില്ലയില്‍ കടയടപ്പ് സമരം ഭാഗികം



കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം ജില്ലയില്‍ ഭാഗികം. പ്രധാന നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നത് ജനജീവിതത്തെ ബാധിച്ചു. ഹോട്ടലുകളും തുറന്നില്ല. ഇതോടെ നഗരത്തിലെത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ഇന്ത്യന്‍ കോഫി ഹൗസും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കാ ന്റീനുകളും റെയില്‍വേ സ്റ്റേഷനിലെ ഹോട്ടലുകളും മാത്രമാണു പ്രവര്‍ത്തിച്ചത്. പലയിടത്തും നേരത്തെ തന്നെ ഭക്ഷണങ്ങള്‍ തീര്‍ന്നിരുന്നു. അതേസമയം, വ്യാപാരി വ്യവസായി ഏകോപന സമിതി താവക്കര ബസ്സ്റ്റാന്റ് യൂനിറ്റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ള,  ഭക്ഷണവിതരണം ഒരുക്കി. ജിഎസ്ടിയിലെ അപാകത പരിഹരിക്കുക,  റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുമാണ് ഏകോപന സമിതി ടി നസറുദ്ദീന്‍ വിഭാഗം കടകളടച്ച് പ്രതിഷേധിച്ചത്. രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെയായിരുന്നു സമരം. ഏകോപന സമിതി ഹസന്‍കോയ വിഭാഗം പങ്കെടുത്തെങ്കിലും ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തില്‍നിന്ന് വിട്ടുനിന്നു. വിവിധ കേന്ദ്രങ്ങളില്‍ സമരാനുകൂലികള്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it