malappuram local

ജില്ലയില്‍ ഓടകളിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കും



മലപ്പുറം: വീടുകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡുകളിലും പൊതുസ്ഥലങ്ങളിലും തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് പി ഉബൈദുല്ല എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലപ്പുറം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി അടക്കമുള്ളവ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പനി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മെഡിക്കല്‍ ക്യാംപ് നടത്താനും എംഎല്‍എ നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിസരവും വൃത്തിയാക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടി നടത്തും. തൊഴിലാലികളെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ താമസിപ്പിച്ചാല്‍ കെട്ടിട ഉടമകള്‍ക്കെതിരേ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. പൂക്കോട്ടൂര്‍ അറവങ്കരയില്‍ വിമാനത്താവളത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മലപ്പുറം നഗരസഭയില്‍ നടപ്പാക്കിയ പദ്ധതി മറ്റു പഞ്ചയാത്തുകളിലേക്ക് വ്യാപിപ്പിക്കാനും പഞ്ചായത്ത് തലത്തില്‍ കര്‍മസേനകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 50 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ക്ക ഒരു വോളണ്ടിയര്‍ ഉണ്ടാവും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനും ഈ സംവിധാനം ഉപകരിക്കും. സാമൂഹിക മാധ്യമങ്ങളില്‍ പ്രതിരോധ കുത്തിവപ്പുകള്‍ക്കെതിരെയും മരുന്ന് വിതരണത്തിനെതിരെയമുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. സിവില്‍ സ്റ്റേഷനിലെ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരിമായി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 50 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം,  ഇടവിട്ട മഴ, അജൈവ മാലിന്യങ്ങള്‍ വര്‍ധിച്ചതും നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലും ശരിയായ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്തതുമാണ് പനി വര്‍ധിക്കാന്‍ കാരണമായത്. ഭൂരിഭാഗം ആളുകളിലും ജീവിതശൈലി രോഗങ്ങളുള്ളത് രോഗബാധയെ തുടര്‍ന്നുള്ള മരണനിരക്ക് വര്‍ധിക്കാനും കാരണമാകുന്നു. മലപ്പുറം നഗരസഭയില്‍ 33 ഡെങ്കി കേസുകളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്. പുല്‍പ്പറ്റ പഞ്ചായത്തില്‍ 16ഉം കോഡൂരില്‍ 10ഉം പൂക്കോട്ടൂരില്‍ 43ഉം മൊറയൂരില്‍ 28ഉം ആനക്കയത്ത് 16 പേര്‍ക്കുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആനക്കയ പഞ്ചായത്ത് രണ്ട് മലേറിയ കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.  യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സി എച്ച് ജമീല, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന, പഞ്ചായത്ത് പ്രസിഡന്റുമാരായ സി പി ഷാജി, കെ എം സലീം, വി പി സുമയ്യ, സി എച്ച് സുബൈദ, പുല്‍പ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അബ്ദുറഹ് മാന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ വി പ്രകാശ്, ബ്ലോക്ക് പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ പങ്കെടുത്തു.മഴക്കാല രോഗ പ്രതിരോധം; യോഗം ഇന്ന്മലപ്പുറം: മഴക്കാല രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലാടിസ്ഥനത്തിലുള്ള അവലോകന യോഗവും നടക്കും.
Next Story

RELATED STORIES

Share it