malappuram local

ജില്ലയില്‍നിന്ന് സമാഹരിച്ചത് 10.80 കോടി

മലപ്പുറം: ജില്ലയില്‍നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 10,80,72,098 രൂപയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീല്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ജില്ലയില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന ക്യാംപുകളില്‍ സംഭാവനയായി ലഭിച്ചത് 8,88,63,731 രൂപയാണ്. വിവിധ മത-രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്‌സ്ആപ്പ് കൂട്ടായ്മകള്‍, ക്ലബുകള്‍, വ്യാപാരികള്‍, വ്യവസായികള്‍, വാഹന ഉടമകള്‍, തൊഴിലാളികള്‍, ക്യഷിക്കാര്‍ തുടങ്ങിയ ജീവതിത്തിന്റെ നാനാ തുറകളിലുള്ള ആളുകളും സംഭാവന നല്‍കി. ജില്ലയിലെ ഏഴു താലൂക്ക് ആസ്ഥാനങ്ങളിലും അര ദിവസം നീണ്ടുനില്‍ക്കുന്ന വിധത്തിലാണ് ധനസമാഹരണ ക്യാംപുകള്‍ സംഘടിപ്പിച്ചത്. ഏറനാട് താലൂക്കില്‍ നിന്ന് 15,87,731 രൂപയും കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 68,72,161 രൂപയും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നു 1,13,09,886 രൂപയും പൊന്നാനിയില്‍ നിന്ന് 1,29,14,926 രൂപയും തിരൂരില്‍ നിന്ന് 1,57,45,141 രൂപയും തിരൂരങ്ങാടിയില്‍ നിന്ന് 78,74,485 രൂപയുമാണ് ധനസമാഹരണ കാംപയിനിലൂടെ സമാഹരിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടത്തിയ ക്യാംപിലൂടെ 1,92,08,367 രൂപയും സമാഹരിച്ചു. ഇതിനു പുറമെ ധനസമാഹരണ കാംപയിന് മുമ്പായി 2,52,59,197 രൂപ വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് കലക്ടര്‍ക്ക് കൈമാറിയിരുന്നു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നവകേരള നിര്‍മിതിക്കുമായുള്ള ധനസമാഹരണത്തിനായി ഭാഗമായി ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച നടന്ന കാംപയിനിന്റെ സമാപന ദിവസത്തിലാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാംപ് നടത്തിയത്. രാവിലെ 11 മുതല്‍ വൈകീട്ട് 4.00 വരെയായിരുന്നു മന്ത്രി ഡോ. കെ ടി ജലീലിന്റെ നേതൃത്വത്തിലുള്ള ധനസമാഹരണ ക്യാംപ്.
പുളിക്കല്‍, പള്ളിക്കല്‍, അമരമ്പലം, എടവണ്ണ, വണ്ടൂര്‍, പൊന്‍മള, കുഴിമണ്ണ, ചീക്കോട്, കാവനൂര്‍, പുല്‍പ്പറ്റ, പെരുമണ്ണക്ലാരി, പോത്തുകല്ല്, വാഴക്കാട്, തൃക്കലങ്ങോട്, വാഴക്കാട്, ആനക്കയം, മക്കരപ്പറമ്പ്, വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍, അരീക്കോട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, സാക്ഷരതാ മിഷന്‍, പൊന്‍മള ഗവ. സ്‌കൂള്‍ പിടിഎ, മഞ്ചേരി സമാന ക്ലബ്ബ്, എസിഎം നാച്യുറല്‍ ക്ലബ്, വരക്കൂട്ട് ആര്‍ടിസ്റ്റ് കൂട്ടായ്മ, മലപ്പുറം വിമന്‍സ് കൗണ്‍സില്‍, ഗ്ലെയര്‍ മീഡിയ മലപ്പുറം, മഞ്ചേരി പ്രശാന്തി ഹോസ്പിറ്റല്‍, മലപ്പുറം ഓര്‍ക്കിഡ് ഹോസ്പിറ്റല്‍, കോല്‍ക്കളം, ആനക്കയം മഹല്ല് കമ്മിറ്റികള്‍, മഞ്ചേരി ഉപജില്ലാ പിടിഎ പ്രസിഡന്റുമാരുടെ കൂട്ടായ്മ, പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികള്‍, തിരൂരങ്ങാടി കുണ്ടൂര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി, ജിദ്ദ രാമപുരം പ്രവാസി സംഘം തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളും കൂട്ടായ്മകളും രാഷ്ട്രീയപ്പാര്‍ട്ടികളും സംഭാവന കൈമാറാനെത്തിയിരുന്നു. പ്രകൃതിക്ഷോഭത്തില്‍ തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട വ്യക്തിക്ക് റിട്ട. ഡെപ്യൂട്ടി കലക്ടറായ മോഹനന്‍ സ്‌പോണ്‍സര്‍ ചെയ്ത തൊഴിലുപകരണങ്ങളും ചടങ്ങില്‍ വച്ച് മന്ത്രി ഡോ. കെ ടി ജലീല്‍ കൈമാറി.
തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് മന്ത്രിയുടെ ഗുരുനാഥന്‍ കൂടിയായ റിട്ട. പ്രൊഫ. കെ മുഹമ്മദ് സംഭാവനയായി നല്‍കിയത്. ജില്ലാ സാമൂഹിക നീതി വകുപ്പ് സ്വരൂപിച്ച 48 ലക്ഷം രൂപയുടെ ചെക്കും ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.

Next Story

RELATED STORIES

Share it