Pathanamthitta local

ജില്ലയിലെ 151 സ്‌കൂളുകളില്‍ ദേശീയ പഠന നേട്ട സര്‍വേ ഇന്ന് : ഒരു ക്ലാസില്‍ നിന്നു 30 കുട്ടികള്‍ വിലയിരുത്തലിന് വിധേയമാവും



പത്തനംതിട്ട:  കേന്ദ്ര മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലത്തിന്റെ  മേല്‍നോട്ടത്തില്‍ ഇന്ന് നടക്കുന്ന ദേശീയ പഠന നേട്ട സര്‍വേയ്ക്ക് പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ 151 സ്‌കൂളുകളില്‍ സര്‍വേ നടക്കും. മലയാളം, ഗണിതം, പരിസരപഠനം, സയന്‍സ്, സാമൂഹ്യശാസ്ത്രം വിഷയങ്ങളില്‍ കുട്ടികള്‍ കൈവരിച്ച പഠന നേട്ടങ്ങളാണ് സര്‍വേയിലൂടെ വിലയിരുത്തുന്നത്. ജില്ലയില്‍ 173 ക്ലാസുകള്‍ ഇത്തരത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു ക്ലാസില്‍ നിന്നും പരമാവധി 30 കുട്ടികളാണ് വിലയിരുത്തലിന് വിധേയമാകുന്നത്. ജില്ലയില്‍ സര്‍വേ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്‍വെസ്റ്റിഗേറ്റേഴ്‌സ്, പ്രഥമാധ്യാപകര്‍, മോണിട്ടറിങ് സമിതിയംഗങ്ങള്‍ എന്നിവര്‍ക്കുള്ള പരിശീലനം, സര്‍വേ സാമഗ്രികളുടെ വിതരണം, സര്‍വേയ്ക്കു ശേഷം സാമഗ്രികള്‍ ശേഖരിക്കാനുള്ള ആസൂത്രണം എന്നിവയെല്ലാം പൂര്‍ണമായി. ജില്ലയിലെ വിവിധ ബി.ആര്‍.സി കളിലാണ് സര്‍വേ സാമഗ്രികള്‍ ശേഖരിക്കുന്നത്. അടുത്തദിവസം തന്നെ സര്‍വേ വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ അപ്‌ലോഡു ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിക്കും. പ്രഥമാധ്യാപകരില്‍ നിന്നും അധ്യാപകരില്‍ നിന്നും പ്രത്യേക ചോദ്യാവലി ഉപയോഗിച്ച് വിവരശേഖരണം നടത്തും. കേന്ദ്ര മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലത്തിന്റെ  നിര്‍ദേശമനുസരിച്ചിട്ടുള്ള സാമ്പഌങ് ടെക്‌നിക് ഉപയോഗിച്ചാണ് സ്‌കൂളുകളെയും ക്ലാസുകളെയും കുട്ടികളെയും  തെരഞ്ഞെടുത്തിട്ടുള്ളത്. ചോദ്യാവലികള്‍ തയാറാക്കിയിട്ടുള്ളത് എന്‍സിഇആര്‍ടിയാണ്. ജില്ലയിലെ 151 സ്‌കൂളുകളില്‍ വെള്ളിയാഴ്ചതന്നെ ചോദ്യപാക്കറ്റുകള്‍ എത്തിച്ചു കഴിഞ്ഞു.  കേന്ദ്ര മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലത്തിന്റെ നിര്‍ദേശപ്രകാരം പ്രത്യേക പരിശീലനം നേടിയ ഇന്‍വെസ്റ്റിഗേറ്റേഴ്‌സിനെയാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ 203 പേരാണ് ഇത്തരത്തില്‍ സ്‌കൂള്‍ സന്ദര്‍ശനം നടത്തി സര്‍വേ നടത്തുന്നത്. ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെയര്‍മാനും, ഡയറ്റ് പ്രിന്‍സിപ്പാള്‍ കണ്‍വീനറും, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കോഓര്‍ഡിനേറ്ററുമായി 15 അംഗ ജില്ലാ മോണിട്ടറിങ് സമിതി ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു. എസ്.എസ്.എയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, എസ്.എസ്.എ ജില്ലാ/ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ മേല്‍നോട്ടം വഹിക്കും.
Next Story

RELATED STORIES

Share it