Kollam Local

ജില്ലയിലെ വിഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ജില്ലാ പദ്ധതി

കൊല്ലം:പ്രകൃതി, മാനവ, ധന, സ്ഥാപന വിഭവങ്ങളുടെ സാധ്യതകളും ലഭ്യതയും പരമാവധി പ്രയോജനപ്പെടുത്തുന്ന സമഗ്ര ജില്ലാ പദ്ധതിയുടെ കരടിന് അന്തിമ രൂപമാകുന്നു. 2017-18 മുതലുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയിലെ ഓരോ വികസന യൂനിറ്റിനും വിവിധ സ്രോതസുകളില്‍നിന്ന് ലഭിക്കാവുന്ന തുക ഏറെക്കുറെ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. വികസന ഫണ്ട്, മെയിന്റനന്‍സ് ഫണ്ട്, കേന്ദ്ര-സംസ്ഥാന പദ്ധതി വിഹിതം എന്നിവയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധിക്കുമെന്ന് കണക്കാക്കി 2021-22 വരെയുള്ള വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ ഉപസമിതികളുടെ കരട് അധ്യായങ്ങള്‍ അവതരിപ്പിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു.ജലസംരക്ഷണം ഉറപ്പാക്കാന്‍ ഗ്രാമസഭകളുടെ മാതൃകയില്‍ ജലസഭകള്‍ ചേരാനും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളും ഉപസമിതി ശുപാര്‍ശ ചെയ്യുന്നു. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിന് വലിയപ്രാധാന്യം നല്‍കണമെന്നും സെന്റ ര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിന്റെ പദ്ധതികളിലൂടെ ശാസ്താംകോട്ട തടാകം നിലനിര്‍ത്താനാകണമെന്നും നിര്‍ദേശിക്കുന്നു. ഇത്തിക്കരയാറ്റില്‍ പുതിയ ചെക്ക് ഡാം, പള്ളിക്കലാറിന്റെ പുനരുദ്ധാരണത്തിന് 15 കോടി രൂപയുടെ പദ്ധതി, കല്ലടയാറ്റിലെ കടപുഴ, പിടവൂര്‍ എന്നിവടങ്ങളിലായി രണ്ട് തടയണകള്‍, ഏനാത്ത് ചെക്ക് ഡാം എന്നിവയാണ് ജലസംരക്ഷണത്തിനുള്ള മറ്റ് ശ്രദ്ധേയ പദ്ധതികളായി അവതരിപ്പിച്ചിരിക്കുന്നത്.തരിശുകള്‍ ഇല്ലാതാക്കി 2800 ഹെക്ടറില്‍ നെല്‍കൃഷി നടത്തിയതായി യോഗം വിലയിരുത്തി. യന്ത്രവല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തണം. ജൈവവളം ഉപയോഗിച്ച് ഉത്പാദനക്ഷമത ഉറപ്പാക്കണം. നെല്‍കൃഷി വ്യാപനത്തിനൊപ്പം ഉത്പന്ന വൈവിധ്യവല്‍ക്കകരണവും നടപ്പാക്കണം. തെങ്ങിന്‍തടങ്ങളിലൂടെ മഴക്കൊയ്ത്ത് നടപ്പാക്കണം. പച്ചക്കറിക്ക് താങ്ങുവിലയും ഇടവിളകള്‍ക്ക് തറവിലയും സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വിലസ്ഥിരതയും ഉറപ്പാക്കേണ്ടതുണ്ടെന്നും  ഉപസമിതികള്‍ നിര്‍ദേശിച്ചു.മൂല്യവര്‍ധിത ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം സാധ്യമായ എല്ലാ മേഖലയിലും പരീക്ഷിക്കക്കണമെന്നും കശുമാവ് കൃഷിവ്യാപനത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ശുപാര്‍ശയുണ്ട്. ജില്ലാ പദ്ധതി രൂപീകരണത്തിനായി നിയോഗിച്ചിട്ടുള്ള 19 ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ കരട് അധ്യായങ്ങള്‍ അവതരിപ്പിച്ചു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കരട് പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാതലത്തില്‍ എഡിറ്റിങ് സമിതിയും രൂപീകരിച്ചു. ഈ മാസം അവസാനത്തോടെ കരട് ജില്ലാ പദ്ധതി തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ അറിയിച്ചു.ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി, ആസൂത്രണ സമിതിയുടെ സര്‍ക്കാര്‍ പ്രതിനിധി എം വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി അംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it