kasaragod local

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ വര്‍ധനവ്

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍  2011   വിദ്യാര്‍ഥികളുടെ വര്‍ദ്ധന. പൊതുവിദ്യാഭ്യാസ വിഭാഗം ആറാം പ്രവര്‍ത്തിദിനത്തില്‍ എടുത്ത  കണക്ക് പ്രകാരമാണ് ഈ വര്‍ദ്ധനവ് റിപോര്‍ട്ട് ചെയ്തത്.  അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നടക്കം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തി. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ആകെ  1,77,712 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 1,79,723 ആയി ഉയര്‍ന്നു. ഇതില്‍ 92,933 ആണ്‍കുട്ടികളും 86,790 പെണ്‍കുട്ടികളുമാണ് ഉള്ളത്. കഴിഞ്ഞ തവണ 17,589 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്.  പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒന്നാം ക്ലാസില്‍ മാത്രമല്ല മറ്റു ക്ലാസുകളിലേക്കും കുട്ടികള്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ പുതുതായി എത്തിയത് 1,85,971 കുട്ടികളാണ്.
കഴിഞ്ഞ വര്‍ഷം ഇത് 1,45,208 ആയിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ (11,26,712) എയ്ഡഡ്്(21,40,794) അണ്‍എയ്ഡഡ്(4,13,234) എന്നിങ്ങനെ ആകെ 36.81 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം സര്‍ക്കാര്‍ (11,45,973), എയ്ഡഡ്(21,53,882), അണ്‍എയ്ഡഡ്(4,03,963) എന്നിങ്ങനെ 37.04 ലക്ഷം കുട്ടികളാണുള്ളത്.   സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിവിധ ക്ലാസുകളില്‍നിന്നുപോലും പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്.  2017 മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നിര്‍ദേശിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ പലയിടത്തും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ തയ്യാറായിട്ടുണ്ട്.
കുട്ടികളുടെ എണ്ണം കൂടിയതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം ജൂലൈ 15നകം പൂര്‍ത്തിയാകും. എല്‍പി 1:30, യുപി 1:35, ഹൈസ്‌കൂള്‍ 1:50 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിലായിരിക്കും തസ്തിക നിര്‍ണയം. തസ്തിക നഷ്ടപ്പെടുന്ന അവസ്ഥയില്‍നിന്ന് തസ്തിക സൃഷ്ടിക്കുന്നതിലേക്ക് വിദ്യാലയങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it