malappuram local

ജില്ലയിലെ ഒമ്പത് കൈത്തറി സംഘങ്ങള്‍ക്ക് പുതുജീവന്‍



മലപ്പുറം: ജില്ലയില്‍ നിര്‍ജീവമായിക്കിടന്ന ഒമ്പത് കൈത്തറി സഹകരണസംഘങ്ങള്‍ വീണ്ടും വസ്ത്രങ്ങള്‍ നെയ്തു തുടങ്ങും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം വിതരണ പദ്ധതിയാണ് കൈത്തറി യൂനിറ്റുകള്‍ക്ക് താങ്ങാവുന്നത്. ജില്ലയില്‍ ആകെയുണ്ടായിരുന്ന പന്ത്രണ്ട് കൈത്തറി സൊസൈറ്റികളില്‍ മൂന്നെണ്ണം നേരത്തേ അടച്ചുപൂട്ടിയതാണ്. ഒമ്പത് സൊസൈറ്റികള്‍ ലാഭകരമല്ലാത്തതിനാല്‍ നിര്‍ജീവമായി. സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോമുകള്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചതോടെ കേരളാധീശ്വരപുരത്തുള്ള ഡീലേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഈ കേന്ദ്രത്തില്‍ നിന്നു 1,700 മീറ്റര്‍ തുണി യൂനിഫോം പദ്ധതിയിലേക്കായി നെയ്തു നല്‍കി. പതിനഞ്ച് തൊഴിലാളികളാണ് കേരളാധീശ്വരപുരത്ത് നെയ്ത്തിലേക്ക് മടങ്ങി വന്നത്. നഷ്ടത്തെ തുടര്‍ന്ന് കൈത്തറി കേന്ദ്രം അടച്ചതോടെ തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയിലേക്കും മറ്റ് തൊഴില്‍ മേഖലകളിലേക്കും മാറിയിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ഇടപെട്ട് ഇവരെ പരമ്പരാഗത വസ്ത്ര നിര്‍മാണ രംഗത്തേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. നെയ്ത്തു കേന്ദ്രങ്ങളില്‍ കേടായിക്കിടക്കുന്ന തറികളും മറ്റുപകരണങ്ങളും അറ്റകുറ്റപ്പണി ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സര്‍ക്കാര്‍ സഹായവും ലഭിക്കുന്നതോടെ കേരളാധീശ്വരപുരത്തിനു പിറകെ മറ്റു കൈത്തറി സഹകരണസംഘങ്ങളും പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. പള്ളിക്കല്‍, നടുവത്ത്, പരപ്പനങ്ങാടി, നെടിയിരുപ്പ്, രായിരമംഗലം, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നെയ്ത്തു കേന്ദ്രങ്ങള്‍ നിര്‍ജീവമായി കിടക്കുന്നത്. പള്ളിക്കലിലുള്ള കൈത്തറി സഹകരണസംഘത്തിന്റെ നെയ്ത്തുകേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. യൂനിഫോമുകള്‍ നെയ്‌തെടുക്കുന്നതിന് നൂലുകളുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ സര്‍ക്കാര്‍ വിതരണം ചെയ്യും. ഒപ്പം ദിവസം 350 രൂപയെങ്കിലും കൂലിയായി തൊഴിലാളിക്ക് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം അടഞ്ഞു കിടക്കുന്ന നാല് കൈത്തറി നെയ്ത്തു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് വ്യവസായ കേന്ദ്രം ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it