Pathanamthitta local

ജില്ലയിലും അതീവ ജാഗ്രതാനിര്‍ദേശം; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

പത്തനംതിട്ട: ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപകമഴയ്ക്കും സാധ്യതയുണ്ട്. രണ്ടുദിവസത്തേക്കാണു ജാഗ്രതാനിര്‍ദേശം.
ആറു ജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വൈകീട്ട് മുന്നിന് ശേഷമാവും മഴ ശക്്തമാവുക. ഇത് വരുന്ന 10ാം തിയ്യതി വരെ തുടരും.  ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്കു ദുരന്തനിവാരണ അതോറിട്ടി അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തയാറായിരിക്കാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയില്‍ മിക്കയിടത്തും ശക്തമായ കാറ്റനൊപ്പം ഇടിമിന്നലോടെ വ്യാപക മഴയും അനുഭവപ്പെടുന്നുണ്ട്. ഇക്കുറി മാര്‍ച്ച് ഒന്നു മുതല്‍ മെയ് മാസം രണ്ട് വരെ ജില്ലയില്‍ ശരാശരി മഴ ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോന്നിയിലാണ്. കോന്നിയില്‍ 82 മില്ലിമീറ്റും കുരുടാമണ്ണില്‍ 52.8 മില്ലീമീറ്ററും മഴ ലഭിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ മെയ് രണ്ട് വരെയുള്ള കാലയളവില്‍ 333 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. പ്രതീക്ഷിച്ചിരുന്നത് 280 മില്ലീമീറ്റര്‍ മഴയും. ഈകണക്കു പ്രകാരം പത്തനംതിട്ടയില്‍ 19 ശതമാനം അധിക മഴ ലഭിച്ചു. 2017ല്‍ മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍  674.6 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നു. പ്രതീക്ഷിച്ചിരുന്നത് 553.5 മില്ലീമീറ്ററും. അധികമായി ലഭിച്ചത് 22 ശതമാനം. എന്നാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത ഉല്‍പ്പാദന കേന്ദ്രമായ ശബരിഗിരിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിക്കുന്നില്ല.
പമ്പയില്‍ അഞ്ച് മില്ലിമീറ്ററും കക്കിയില്‍ 12 മില്ലീമീറ്ററും മഴ ഇന്നലെ ലഭിച്ചു.ശബരിഗിരി പദ്ധതിയില്‍ നിന്നും ഇന്നലെ 5.81 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. സംസ്ഥാനത്ത് ഇന്നു പുലര്‍ച്ചെ മുതല്‍ വരുന്ന 24  മണിക്കൂറിനുള്ളില്‍ 70 മുതല്‍ 110 മില്ലീമീറ്റര്‍ വരെ മഴ ഉണ്ടാവാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it