ജിതിന്‍ റാം മാഞ്ചി മഹാസഖ്യത്തില്‍

പട്‌ന: ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി നേതൃത്വം നല്‍കുന്ന ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച (എച്ച്എഎം) എന്‍ഡിഎ വിട്ട്, പ്രതിപക്ഷത്തെ മഹാസഖ്യത്തില്‍ ചേര്‍ന്നു. ആര്‍ജെഡി നേതാക്കളായ തേജസ്വിനി യാദവ്, ഭോല യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് തന്റെ പാര്‍ട്ടി എന്‍ഡിഎ വിടുകയാണെന്ന് മാഞ്ചി പ്രഖ്യാപിച്ചത്. നിലവില്‍ മഹാസഖ്യത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസ്സും മാത്രമാണുള്ളത്. സംസ്ഥാനത്ത് ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളില്‍ ഒന്ന്, തന്റെ പാര്‍ട്ടിക്ക് എന്‍ഡിഎ അനുവദിക്കണമെന്ന് മാഞ്ചി ആവശ്യപ്പെട്ടിരുന്നു. സീറ്റ് അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ച് 11ന് രണ്ട് നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും ബിജെപി, ജെഡിയു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എച്ച്എഎം പ്രചാരണം നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി എന്‍ഡിഎ വിട്ടത്.
മാഞ്ചിക്ക് ലോക്‌സഭാ സീറ്റ് ആര്‍ജെഡി വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉചിതമായ സമയത്ത് രാജ്യസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നായിരുന്നു തേജസ്വി യാദവിന്റെ മറുപടി.
മുന്‍ ജെഡിയു നേതാവായിരുന്ന മാഞ്ചി 2015 ലാണ് പാര്‍ട്ടി വിട്ട് എച്ച്എഎം രൂപീകരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ എച്ച്എഎം എന്‍ഡിഎയുടെ ഘടകകക്ഷിയായി.
മാഞ്ചി മഹാസഖ്യത്തില്‍ ചേരുന്നത് ഒരു തുടക്കം മാത്രമാണെന്നും ജെഡിയുവിലെ ഒട്ടേറെ എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും ഭോല യാദവ് പറഞ്ഞു.
Next Story

RELATED STORIES

Share it