Flash News

ജിഡിപി കുറയാന്‍ കാരണം നോട്ടുനിരോധനമല്ലെന്ന് ജെയ്റ്റ്‌ലി



കെ എ സലിം

ന്യൂഡല്‍ഹി: ആഭ്യന്തര ഉല്‍പാദന നിരക്ക് (ജിഡിപി) കുറഞ്ഞത് നോട്ടുനിരോധനം കാരണമല്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആഗോളതലത്തിലുണ്ടായ നിരവധി സംഭവങ്ങള്‍ ജിഡിപി നിരക്കിനെ ബാധിച്ചിട്ടുണ്ടെന്നും നോട്ടുനിരോധനത്തിനു മുമ്പുതന്നെ ഇതു പ്രകടമായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ജിഡിപി നിരക്ക് 6.1 ശതമാനമായി കുറഞ്ഞതായി കഴിഞ്ഞദിവസം പുറത്തുവിട്ട സെന്‍—ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2016-17 കാലത്തെ ജിഡിപി 7.1 ശതമാനമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ജിഡിപി നിരക്ക് 7-8 ശതമാനമെന്നത് സാധാരണമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തന്റെ മന്ത്രാലയത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ വിശ്വസ്തമായ അവസ്ഥയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ സാമ്പത്തികനില മോശമായിരുന്നുവെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷം രാജ്യം ആഗോളതലത്തിലുള്ള വെല്ലുവിളികളെ നേരിട്ടു. സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികള്‍ രാജ്യത്ത് അഴിമതി കുറച്ചു. ആഗോളതലില്‍ തന്നെ വിപണനം കുറഞ്ഞത് കയറ്റുമതിയെ ബാധിച്ചു. നോട്ടു നിരോധനം രാജ്യത്തെ സമാന്തര സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ സഹായിച്ചു. നോട്ടുനിരോധനത്തിനു ശേഷം പുതിയ സാധാരണനില കൈവന്നു. പണമായി ഇടപാട് നടത്തുന്നത് ഇനിയങ്ങോട്ട് ഗുണകരമാവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നമ്മളിപ്പോള്‍ ഡിജിറ്റല്‍വല്‍ക്കരണത്തിലേക്കാണു നോക്കുന്നത്. നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂടി. തൊഴിലില്ലായ്മ കൂടുകയാണെന്നതു പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ തൊഴിലവസരങ്ങളും കൂടും- ജെയ്റ്റ്‌ലി പറഞ്ഞു. അതേസമയം, ജിഡിപി കുറഞ്ഞത് എന്‍ഡിഎ സര്‍ക്കാരിന്റെ കനത്ത പരാജയമാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.  ഈ അടിസ്ഥാന പരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണു സര്‍ക്കാര്‍ മറ്റുപല വിഷയങ്ങളുമായി വരുന്നതെന്നും രാഹുല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it