Flash News

ജിഎസ്ടി : സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്ന് ആശങ്ക



തിരുവനന്തപുരം:  ജൂലൈ ഒന്നു മുതല്‍ ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ആശങ്കയില്‍. വിനോദനികുതി ഇരട്ടിയാവുന്നതിനൊപ്പം നിര്‍മാണച്ചെലവും വര്‍ധിക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെയു ള്ളവ നിര്‍ത്തി സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നിവേദനം നല്‍കി. ടിക്കറ്റിന് നിലവില്‍ സര്‍ക്കാര്‍ ഈടാക്കുന്ന 25 ശതമാനം നികുതി ജിഎസ്ടി നടപ്പാക്കുന്നതോടെ 53 ശതമാനമാവും. ഇതോടെ ടിക്കറ്റ് നിരക്ക് ഉയരും. ചിത്രീകരണത്തിനും വിതരണത്തിനും തിയേറ്റര്‍ നടത്തിപ്പിനും പ്രതിസന്ധിയുണ്ടാക്കും. തിയേറ്ററിലെത്താന്‍ പ്രേക്ഷകനും നല്ല സിനിമയുണ്ടാക്കാന്‍ നിര്‍മാതാക്കളും മടിക്കും. ഇത് ഈ മേഖലയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സിനിമാ പ്രവര്‍ത്തകര്‍ക്കുള്ളത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ജിഎസ്ടി പ്രതിസന്ധിയാവില്ല. എന്നാല്‍, തകര്‍ച്ചയി ല്‍ നിന്നു കരകയറിത്തുടങ്ങിയ മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്നതിനേ ജിഎസ്ടി ഉപകരിക്കൂവെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  ഇതരഭാഷാ ചിത്രങ്ങള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന ഇതര സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കണം. അതല്ലെങ്കില്‍ നിലവിലെ നികുതി പൂര്‍ണമായും കുറയ്ക്കാന്‍ സംസ്ഥാനം തയ്യാറാവണം. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍  സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജിഎസ്ടിയിലെ നികുതി ഘടനയ്‌ക്കെതിരേ നടന്‍ കമല്‍ഹാസനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ജിഎസ്ടിയിലെ 28 ശതമാനം നികുതി നിലവില്‍ വന്നാല്‍ അത് പ്രാദേശിക സിനിമകളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും താനടക്കമുള്ള താരങ്ങള്‍ അഭിനയം നിര്‍ത്തേണ്ടി വരുമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ചരക്കുസേവനനികുതി 18 ശതമാനമാക്കി കുറച്ചില്ലെങ്കില്‍ പ്രാദേശിക സിനിമകള്‍ക്ക് അതിജീവിക്കാനാവില്ല. ജിഎസ്ടിയെയും ഒരു ഇന്ത്യ ഒരു നികുതി എന്ന ആശയെത്തയും സ്വാഗതം ചെയ്ത കമല്‍ഹാസന്‍ നീതിയുക്തമല്ലാത്ത നികുതിഘടനയെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it