kozhikode local

ജാനകിക്കാട് ഇക്കോ ടൂറിസം വികസനത്തിന് ഭാഗ്യരേഖ തെളിയുന്നു



പേരാമ്പ്ര: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസത്തിന് ഭാഗ്യരേഖതെളിയുന്നു . പദ്ധതി മേഖലയില്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ വനം വകുപ്പ് പദ്ധതി സമര്‍പ്പിച്ചു. ചിത്രശലഭ പാര്‍ക്ക് ഉള്‍പെടെ 85 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് കുറ്റിയാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വനംവകുപ്പിന്റെ പരിഗണനക്കായി സമര്‍പ്പിച്ചത്. ജൂലായില്‍ വനംമന്ത്രി കെ.രാജു സ്ഥലം സന്ദര്‍ശിച്ച ശേഷം ഇക്കോ ടൂറിസം മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായി റിപ്പോര്‍ട്ട് നല്‍കിയത്. 2008ലാണ് ഇവിടെ ഇക്കോടൂറിസം പദ്ധതി വന്നത്. പഠന യാത്രകള്‍ക്കും ക്യാംപുകള്‍ക്കുമായി സഞ്ചാരികള്‍ക്ക് ഇഷ്ടസ്ഥലമായി വളരെ വേഗം ഇവിടം മാറി. 325 ഏക്കറോളം  വിസ്ത്രിതിയിലുള്ള ജാനകിക്കാട് ജൈവവൈവിധ്യത്തില്‍ സമ്പുഷ്ടമാണ്. അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍ നിരവധി. വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിവിടെ. മാസത്തില്‍ 300 മുതല്‍ 400 വരെ സഞ്ചാരികള്‍ ടൂറിസം കേന്ദ്രത്തില്‍ എത്താറുണ്ട്. അവധി ദിനങ്ങളിലും പ്രത്യേക അവസരങ്ങളിലും കൂടും. പെരുവണ്ണാമൂഴിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് എളുപ്പം എത്താവുന്ന സ്ഥലം കൂടിയാണ് ജാനകിക്കാട്.സഞ്ചാരികള്‍ക്കാവശ്യമായ നിരവധി കാര്യങ്ങള്‍ ഇനിയും ഒരുക്കാനുണ്ട്.  ടൂറിസം പദ്ധതി തുടങ്ങിയപ്പോള്‍ ചങ്ങാടവും ഏറുമാടവും ഉണ്ടായിരുന്നെങ്കിലും പിന്നീട് നശിച്ചു. കടന്തറ പുഴയിലെ ചങ്ങാടത്തിലെ യാത്രയും ഏറുമാടവും വ്യത്യസ്താനുഭവമായി. ഇതില്‍ ഏറുമാടം നാല് വര്‍ഷം കൊണ്ട് തകര്‍ന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ചങ്ങാടവും പോയി. കൂടുതല്‍ എറുമാടങ്ങള്‍ ഒരുക്കാനും ചങ്ങാടം വാങ്ങാനും പിന്നീട് ശ്രമമുണ്ടായില്ല. നക്ഷത്ര വനവും ഇപ്പോഴില്ല.  ഇക്കോഷോപ്പിനായി കെട്ടിടം നിര്‍മിച്ചെങ്കിലും ഇതുവരെ കട തുടങ്ങാനായിട്ടില്ല. കെട്ടിടത്തില്‍ വൈദ്യുതിയില്ല. വിവരങ്ങള്‍ നല്‍കാന്‍ ഫോണ്‍ സൗകര്യം പോലുമില്ല.   ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്ന സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്‍കാനുള്ള സൗകര്യം ഒരുക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്.
Next Story

RELATED STORIES

Share it