ജസ്റ്റിസ് ലോയയുടെ മരണകാരണം ഹൃദയാഘാതമല്ല: ഫോറന്‍സിക് വിദഗ്ധന്‍

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നു ഫോറന്‍സിക് വിദഗ്ധന്‍. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചാണ് ഡല്‍ഹി എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടോക്‌സിക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. ആര്‍ കെ ശര്‍മ ഇക്കാര്യം വ്യക്തമാക്കുന്നത്. വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതം ജസ്റ്റിസ് ലോയയുടെ മരണകാരണമാവാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടിനെതിരാണ് പുതിയ വെളിപ്പെടുത്തല്‍. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്ന ആവശ്യത്തിന് ഡോ. ശര്‍മയുടെ നിഗമനം ബലം പകരും.രാസപരിശോധനയ്ക്കു വിട്ട ആന്തരികാവയവങ്ങളുടെ സാംപിള്‍ റിപോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ഹിസ്‌റ്റോപാത്തോളജി റിപോര്‍ട്ടുമാണ് ഡോ. ശര്‍മ പരിശോധിച്ചത്. സുപ്രിംകോടതി നിര്‍ദേശപ്രകാരം ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ട കക്ഷികള്‍ക്കു നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. ഈ രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുമാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായിരിക്കുന്നത്.ഹിസ്‌റ്റോപാത്തോളജി റിപോര്‍ട്ട് പ്രകാരം മയോകാര്‍ഡിയല്‍ ഇന്‍ഫക്ഷന്റെ ഒരു ലക്ഷണവുമില്ലാത്തതിനാല്‍ ഹൃദയാഘാതമുണ്ടെന്നു വാദിക്കാനാവില്ല. രക്തധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. കാല്‍സ്യം അടിഞ്ഞാല്‍ രക്തപ്രവാഹം തടസ്സപ്പെടാനിടയില്ലെന്നും ഹൃദയാഘാത സാധ്യതയില്ലെന്നും ഡോ. ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ നാലിന് ബിഎച്ച് ലോയയ്ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും 6.15ന് മരണം സ്ഥിരീകരിച്ചെന്നുമാണ് വാദം. ഹൃദയാഘാത സൂചന ഉണ്ടായി 30 മിനിറ്റിനുള്ളില്‍ ഹൃദയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍, രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും ഹൃദയത്തിനു കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.ലോയയുടെ മസ്തിഷ്‌കത്തിന്റെ ബാഹ്യാവരണം വല്ലാതെ സങ്കോചിച്ചതായി റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മസ്തിഷ്‌കത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാവുന്ന ശാരീരിക ആക്രമണത്തിന്റെ ഭാഗമായിട്ടേ ഇതിനു സാധ്യതയുള്ളൂവെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.മെഡിക്കല്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളും ഔദ്യോഗിക വിശദീകരണവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിശദ അന്വേഷണം അനിവാര്യമാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മെഡികോ ലീഗല്‍ എക്‌സ്‌പെര്‍ട്ട്‌സ് പ്രസിഡന്റ് കൂടിയായ ഡോ. ആര്‍ കെ ശര്‍മ രാജ്യത്തെ ഏറ്റവും മികച്ച ഫോറന്‍സിക് വിദഗ്ധരില്‍ ഒരാളാണ്.
Next Story

RELATED STORIES

Share it