kozhikode local

ജല ലഭ്യതാ പരിശോധന: പഞ്ചായത്ത് മെംബര്‍മാരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി

വടകര: പത്ത് വര്‍ഷം മുമ്പ് മുക്കാളി തൊണ്ടിവയലില്‍ തുടക്കം കുറിച്ച ഐസ് ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ജല ലഭ്യത പരിശോധന നടത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പരിശോധന വൈകീട്ട് വരെ നീണ്ടു. ഐസ് പ്ലാന്റ് നിലനില്‍ക്കുന്ന സ്ഥലത്തെ കിണറിലെ വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കിയ ശേഷം പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നുണ്ടോ എന്നാണ് പരിശോധന നടത്തിയത്. വേനല്‍ ലഭിച്ച സാഹചര്യത്തില്‍ ജല പരിശോധന പ്രഹസനമാണെന്ന് ആരോപിച്ച് ഐസ് പ്ലാന്റ് വിരുദ്ധ സമിതി നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവായതിനാല്‍ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലിസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഇതിനിടയില്‍ ഉദ്യോഗസ്ഥ സംഘവുമായി സംസാരിക്കാനെത്തിയ ജന പ്രതിനിധികളെ ചോമ്പാല പോലിസ് തടഞ്ഞത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി.  അഴിയൂര്‍ പഞ്ചായത്ത് അംഗങ്ങളായ വിപി ജയന്‍, ഉഷ ചാത്തങ്കണ്ടി, ജില്ലാ പഞ്ചായത്ത് മെംബര്‍ എടി ശ്രീധരന്‍ എന്നിവരെയാണ് തടഞ്ഞത്.
2008 ലാണ് അഴിയൂര്‍ പഞ്ചായത്ത് ആവശ്യപ്രകാരം ജല പരിശോധന നടത്തിയപ്പോള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വെള്ളം ഊറ്റിയാല്‍ ജലക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം സംജാതമാകുമെന്ന് റിപോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാല്‍ വേനല്‍ മഴ ലഭിച്ചപ്പോള്‍ ധൃതി പിടിച്ച് വീണ്ടും പരിശോധന നടത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് സമര സമിതി ആരോപിച്ചു. ഇക്കാര്യത്തില്‍ ജനകീയ പോരാട്ടവും, നിയമ പോരാട്ടവും തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പരിശോധന സമയങ്ങളില്‍ സമീപങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യരുതെന്ന് വകുപ്പ് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന റിപോര്‍ട്ട് അടുത്ത ദിവസം തന്നെ കോടതിക്ക് സമര്‍പ്പിക്കും.
ഉയര്‍ന്ന പ്രദേശമായ കറപ്പക്കുന്ന്, ബംഗളകുന്ന് എന്നിവിടങ്ങളിലെ ജല വിതരണ പദ്ധതിയുടെ ജലസ്രോതസായ ഇവിടെ ഐസ് ഫാക്ടറി വരുന്നതിനെതിരെ വലിയതോതില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഫാക്റ്ററി നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നു. ജലക്ഷാമം ഉണ്ടാക്കാത്ത രീതിയില്‍ പത്ത് ടണ്‍ സംഭരണശേഷി മാത്രമുളള ഫാക്ടറിയാണ് സ്ഥാപിക്കുന്നതെന്നാണ് ഉടമയുടെ ആരോപണം.
Next Story

RELATED STORIES

Share it