malappuram local

ജലാശയങ്ങളുടെ വീണ്ടെടുപ്പിനും മലിനീകരണം തടയാനും പദ്ധതി

മഞ്ചേരി: മാലിന്യാതിപ്രസരം  കുടിവെള്ളം മുട്ടിക്കുന്ന സാഹചര്യത്തില്‍ നഗരത്തെ ശുചിയാക്കാന്‍ മഞ്ചേരി നഗരസഭയുടെ കര്‍മ പദ്ധതി. ജലാശയങ്ങള്‍ വീണ്ടെടുക്കാനും ശ്‌സ്ത്രീയ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനും ക്ലീന്‍ മഞ്ചേരി പദ്ധതിക്കു തുടക്കമായി. നഗരമാലിന്യം മുഴുവനും ഏറ്റുവാങ്ങി നാശോന്മുഖമായ ചാലിക്ക തോട്, പുതുക്കുടി തോട്, നഗരമധ്യത്തിലെ ഓടകള്‍ എന്നിവയുടെ ശുചീകരണം ആരംഭിച്ചു. അടുത്തമാസം 20നകം നഗരസഭ പരിധിയിലെ തോടുകള്‍, കുളങ്ങള്‍, അഴുക്കുചാലുകള്‍ എന്നിവ പൂര്‍ണമായും ശുചീകരിക്കുകയാണ് പദ്ധതി ലക്ഷ്യമെന്നും മഴക്കാല പൂര്‍വ ശൂചീകരണ യജ്ഞത്തിന്റെ ഭാഗമായിട്ടാണിതെന്നും നഗരസഭാധ്യക്ഷ വി എം സുബൈദ അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതു തടയാന്‍ കര്‍ശന നടപടികളെടുക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കും. തുടര്‍ന്നും മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ തള്ളുകയോ കത്തിക്കുകയോ ചെയ്യുന്നതു ശ്രദ്ധയില്‍പെട്ടാല്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി നടപടി സ്വീകരിക്കും. ഇത് നിരീക്ഷിക്കാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്തുന്നവര്‍ക്കു പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തെളിവു സഹിതം മാലിന്യംതള്ളുന്നവരെ കണ്ടെത്തി നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ക്കു വിവരം കൈമാറുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ 75 ശതമാനം നല്‍കാനാണ് തീരുമാനം.
ഖരമാലിന്യവും മലിന ജലവും ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നഗരസഭ ഉപാധ്യക്ഷന്‍ വി പി ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്‍രായ സമീറ മുസ്തഫ, സാബിറ കുരിക്കള്‍, മുനിസിപ്പല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി സതീഷ്‌കുമാര്‍, ഹെല്‍ത്ത് സുപ്പര്‍വൈസര്‍ കെ സി മാധവന്‍, സൂപ്രണ്ട് ജി ശ്രീകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it