Flash News

ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളിയാല്‍ തടവ്



പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള  ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമനിര്‍മാണത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇത് ഓര്‍ഡിനന്‍സായി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജലസംഭരണികളിലടക്കം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറ്റകരമാക്കുന്നതാണ് ഓര്‍ഡിനന്‍സ്.പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഭാരതപ്പുഴ, പെരിയാര്‍, പമ്പ എന്നിവ ശുദ്ധിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ പ്രകാരം പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.അമിതമായി മലിനീകരിക്കപ്പെട്ട ഈ നദികളുടെ നവീകരണത്തിന് വലിയ തുക വേണ്ടിവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ജലവിഭവ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉമാഭാരതിയുമായും ഇപ്പോഴത്തെ മന്ത്രി നിതിന്‍ ഗഡ്കരിയുമായും സംസാരിച്ചിട്ടുണ്ട്.  ഭൂഗര്‍ഭ ജലശേഖരം കൂട്ടുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിന് ഭൂഗര്‍ഭജല അതോറിറ്റി രൂപവല്‍ക്കരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
Next Story

RELATED STORIES

Share it