Flash News

ജറുസലേം: യുഎന്‍ പൊതുസഭ അടിയന്തര യോഗം ചേരും

ന്യൂയോര്‍ക്ക്/ജറുസലേം: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ പൊതുസഭ അടിയന്തര യോഗം ചേരും. ജറുസലേം വിഷയത്തില്‍ യുഎന്‍ പൊതുസഭ ചേരണമെന്ന് തുര്‍ക്കിയും അറബ് രാജ്യങ്ങളും ഇസ്‌ലാമിക സഹകരണ സംഘടനയും ആവശ്യപ്പെട്ടിരുന്നു. യോഗം കഴിയുന്നതും വേഗം ചേരുമെന്ന് യുഎന്‍ പൊതു സഭാ പ്രസിഡന്റ് മിറോസ്ലാവ് ലജാക്ക് അറിയിച്ചു. ഇന്നോ നാളെയോ യോഗംചേരാന്‍ സാധ്യതയുള്ളതായി യുഎന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ അറിയിച്ചു. അതേസമയം, ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരായ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തതിനെ ഫലസ്തീന്‍ അപലപിച്ചു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കെതിരേ തിങ്കളാഴ്ചയാണ് യുഎന്‍ രക്ഷാസമിതിയില്‍ കരട് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ രക്ഷാസമിതിയിലെ മറ്റു 14 അംഗങ്ങളും പിന്തുണച്ചെങ്കിലും യുഎസ് വീറ്റോ അധികാരമുപയോഗിച്ച് റദ്ദാക്കുകയായിരുന്നു. യുഎസില്‍നിന്ന് സമാധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രതീക്ഷിക്കുമ്പോള്‍ അതിനു വിരുദ്ധമായി സമാധാന ശ്രമങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുകയാണെന്ന് യുഎന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പ്രതികരിച്ചു. ഫലസ്തീന്‍കാര്‍ക്കെതിരായ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തുടരാനും ഫലസ്തീന്‍ മേഖലയിലെ കൈയേറ്റം വര്‍ധിപ്പിക്കാനും ഇസ്രായേലിന് പ്രോല്‍സാഹനം നല്‍കുന്നതാണ് യുഎസിന്റെ തീരുമാനം. അടിയന്തരമായി യുഎന്‍ പൊതുസഭ സമ്മേളിക്കണം. യുഎസ് അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണ്. വീറ്റോ മൂലം യുഎസിന് മറ്റു രാജ്യങ്ങളുടെ കനത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും പ്രകോപനപരമാണ് ഈ നടപടിയെന്നും റിയാദ് മന്‍സൂര്‍ പറഞ്ഞു. ഫലസ്തീന്‍- ഇസ്രായേല്‍ സമാധാന ശ്രമങ്ങളില്‍ യുഎസിനെ ഇനിമുതല്‍ പങ്കാളിയായി കാണില്ലെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനം (പിഎല്‍ഒ) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സമാധാന ശ്രമത്തില്‍ പങ്കാളിത്തത്തിനോ മധ്യസ്ഥതക്കോ യുഎസിനെ അനുവദിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. യുഎന്നില്‍ ഫലസ്തീന് പൂര്‍ണ അംഗത്വത്തിനായി വീണ്ടും ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഫലസ്തീന്‍ നിലവില്‍ യുഎന്നില്‍ നിരീക്ഷക രാജ്യമാണ്. ഇതിനാല്‍ യുഎന്‍ പ്രമേയങ്ങളില്‍ ഫലസ്തീന് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തിനെതിരേ നിയമപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it