ജയസൂര്യയുടെ കായല്‍ കൈയേറ്റം ഒഴിപ്പിച്ചു

കൊച്ചി: ചെലവന്നൂര്‍ കായല്‍ത്തീരത്ത് നടന്‍ ജയസൂര്യ നടത്തിയ കൈയേറ്റം കൊച്ചിന്‍ കോര്‍പറേഷന്‍ ഒഴിപ്പിച്ചു. ഒന്നര വര്‍ഷം മുമ്പാണ് അധികൃതര്‍ക്ക് ജയസൂര്യയുടെ കൈയേറ്റം സംബന്ധിച്ച പരാതി ലഭിച്ചത്.
എറണാകുളം സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൈയേറ്റം നടന്നുവെന്ന് ബോധ്യപ്പെട്ടതോടെ പൊളിച്ചുനീക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിനെ ചോദ്യംചെയ്ത് ജയസൂര്യ തദ്ദേശ ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാല്‍ ജയസൂര്യയുടെ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളി. കായല്‍ കൈയേറി വീടിന് ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും രണ്ടാം പ്രതി ബില്‍ഡിങ് ഇന്‍സ്‌പെക്ടറുമാണ്. കെട്ടിടം നിര്‍മിക്കുന്നതിനു കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണു സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെയും കേസില്‍ കുറ്റക്കാരനാക്കിയത്.
Next Story

RELATED STORIES

Share it