Flash News

ജയം വിടാതെ ബാഴ്‌സലോണ

ജയം വിടാതെ ബാഴ്‌സലോണ
X


സെവിയ്യ: സ്പാനിഷ് ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്‌സലോണ. സെവിയ്യയെ അവരുടെ തട്ടകത്തില്‍ 2-1ന് വീഴ്ത്തിയാണ് ബാഴ്‌സലോണ അപരാജിത കുതിപ്പ് തുടരുന്നത്. ഇരട്ടഗോളുകള്‍ നേടിയ അല്‍ക്കാസര്‍ പാക്കോയുടെ കളിമികവാണ് ബാഴ്‌സയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. ഈ സീസണില്‍ കളിച്ച 11 മല്‍സരങ്ങളിലെ 10 മല്‍സരങ്ങളും വിജയിച്ച് 31 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ ബാഴ്‌സ ചിരവൈരികളായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം 11ആക്കി ഉയര്‍ത്തി.സ്വന്തം തട്ടകത്തിന്റെ ആധിപത്യം മുതലെടുത്ത് 4-3-3 ശൈലിയില്‍ പന്ത് തട്ടാനിറങ്ങിയ സെവിയ്യയെ അതേ ശൈലിയില്‍ തന്നെ ബൂട്ടുകെട്ടിയാണ് ബാഴ്‌സലോണ തളച്ചത്. മല്‍സരത്തിന്റെ തുടക്കം മുതലേ പ്രതിരോധത്തിലൂന്നി സെവിയ്യ പന്ത് തട്ടിയപ്പോള്‍ ആദ്യ ഗോള്‍ പിറക്കാന്‍ 23 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു.  മിന്നും ഫോം തുടരുന്ന അല്‍ക്കാസറിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. ഒന്നാം പകുതിയില്‍ വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒരു ഗോളുകൊണ്ട് ബാഴ്‌സയ്ക്ക് സംതൃപ്തിപ്പെടേണ്ടി വന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുന്നതിന് മുമ്പ് 12 തവണയാണ് ബാഴ്‌സലോണ താരങ്ങള്‍ സെവിയ്യന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചത്.ഒരു ഗോളിന്റെ ലീഡോടെ രണ്ടാം പകുതിയിലിറങ്ങിയ ബാഴ്‌സയെ തുടക്കത്തിലേ തന്നെ സെവിയ്യ ഞെട്ടിച്ചു. 59ാം മിനിറ്റില്‍ ബനേഗയുടെ അസിസ്റ്റില്‍ പിസാരോ ലക്ഷ്യം കണ്ടെത്തിയതോടെ മല്‍സരം 1-1 സമനിലയിലേക്കെത്തി. ഗോള്‍ മടക്കാന്‍ കസറിക്കളിച്ച ബാഴ്‌സയുടെ മുന്നേറ്റം 65ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റാക്കിറ്റിക്കിന്റെ അസിസ്റ്റില്‍ അല്‍ക്കാസര്‍ തന്നെയാണ് ബാഴ്‌സയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. പിന്നീടുള്ള സമയങ്ങളില്‍ ബാഴ്‌സയുടെ പ്രതിരോധപ്പൂട്ടഴിക്കുന്നതില്‍ സെവിയ്യന്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 2-1ന്റെ ജയവും ബാഴ്‌സലോണയ്‌ക്കൊപ്പം നിന്നു. സെവിയ്യ പട്ടികയിലെ അഞ്ചാം സ്ഥാനത്താണുള്ളത്.

നാല് ഗോള്‍ ജയത്തോടെ ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഗംഭീര ജയം. വെസ്റ്റ് ഹാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മുട്ടുകുത്തിച്ചത്. മുഹമ്മദ് സലാഹിന്റെ ഇരട്ടഗോള്‍ പ്രകടനമാണ് ലിവര്‍പൂളിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.4-3-3 ശൈലിയില്‍ ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ വിന്യസിച്ചപ്പോള്‍ 3-5-2 ശൈലിയിലാണ് വെസ്റ്റ് ഹാം അണിനിരന്നത്. തുടക്കം മുതലേ ആക്രമണ ശൈലി പുറത്തെടുത്ത ലിവര്‍പൂള്‍ 21ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. സാദിയോ മേയന്റെ അസിസ്റ്റിനെ ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ച സലാഹാണ് ലിവര്‍പൂളിന് ലീഡ് നേടിക്കൊടുത്തത്. മൂന്ന് മിനിറ്റിനുള്ളില്‍ ജോയല്‍ മാറ്റിപും ലക്ഷ്യം കണ്ടെത്തിയതോടെ ആദ്യ പകുതി പിരിയുമ്പോള്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ ലിവര്‍പൂള്‍ അക്കൗണ്ടിലാക്കിയിരുന്നു.രണ്ടാം പകുതിയില്‍ ആദ്യം വലകുലുക്കിയത് വെസ്റ്റ് ഹാം ആയിരുന്നു. 55ാം മിനിറ്റില്‍ ആയൂവിന്റെ അസിസ്റ്റില്‍ ലാന്‍സിനിയാണ് വെസ്റ്റ്് ഹാമിനായി ലക്ഷ്യം കണ്ടത്. മല്‍സരം 2-1. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഓക്‌സ്ലേഡിലൂടെ ലക്ഷ്യം കണ്ട് ലിവര്‍പൂള്‍ ലീഡ് വീണ്ടുമുയര്‍ത്തി. 75ാം മിനിറ്റില്‍ സാദിയോ മേയന്റ് അസിസ്റ്റിലൂടെ വീണ്ടും സലാഹ് ഇരട്ട ഗോളുകള്‍ പൂര്‍ത്തിയാക്കിയതോടെ ചെമ്പടയുടെ അക്കൗണ്ടില്‍ നാല് ഗോളും പിറന്നു. അവസാന മിനിറ്റുകൡ ഇരു കൂട്ടരും മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവച്ചെങ്കിലും ഗോള്‍ അകന്ന് നിന്നതോടെ സ്വന്തം തട്ടകത്തില്‍ 4-1ന്റെ ആവേശജയവും ലിവര്‍പൂളിനൊപ്പം നിന്നു.
Next Story

RELATED STORIES

Share it