ജപ്പാനില്‍ ഇന്നു മെസ്സി- റൊബീഞ്ഞോ പോര്

യോക്കോഹാമ (ജപ്പാന്‍): ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊബീഞ്ഞോയും നേര്‍ക്കുനേര്‍. രണ്ടു താരങ്ങളും തങ്ങളുടെ ക്ലബ്ബുകള്‍ക്കുവേണ്ടിയാണ് അങ്കത്തട്ടിലിറങ്ങുക. മെസ്സി ബാഴ്‌സലോണയ്ക്കായി ബൂട്ടുകെട്ടുമ്പോള്‍ ഗ്വാങ്ഷു എവര്‍ഗ്രാന്റെ ടീമിനൊപ്പമാണ് റൊബീഞ്ഞോ. ടൂര്‍ണമെന്റിന്റെ ര ണ്ടാം സെമി ഫൈനല്‍ കൂടിയാണ് ഇന്നത്തേത്.
യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു നേരിട്ടു യോഗ്യത കരസ്ഥമാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ ആദ്യമല്‍സരം കൂടിയാണ് ഇന്നത്തേത്. എന്നാല്‍ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് വിജയികളായ ഗ്വാങ്ഷു ക്വാര്‍ട്ടര്‍ ഫൈനല്‍ കടമ്പ കടന്നാണ് സെമിയിലെത്തിയിട്ടുള്ളത്. ക്വാര്‍ട്ടറില്‍ കോണ്‍കകാഫ് മേഖലയിലെ വിജയികളും മെക്‌സിക്കന്‍ ടീമുമായ ക്ലബ്ബ് അമേരിക്കയെയാണ് ഗ്വാങ്ഷു 2-1ന് മറികടന്നത്.
ലോക ഫുട്‌ബോളിലെ രണ്ടു പ്രശസ്ത കോച്ചുകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടിയാണ് ഇന്നത്തെ പോരാട്ടം. ബാഴ്‌സലോണയെ ലൂയിസ് എന്റിക്വെ പരിശീലിപ്പിക്കുമ്പോള്‍ ബ്രസീലിനെ ലോകചാംപ്യന്‍മാരാക്കിയ പരിശീലകന്‍ ലൂയിസ് ഫെലിപ് സ്‌കൊളാരിയാണ് ഗ്വാങ്ഷു കോച്ച്.
സമ്മര്‍ദ്ദം
ബാഴ്‌സയെ തളര്‍ത്തുമോ?
ടൂര്‍ണമെന്റിലെ കിരീടഫേവറിറ്റുകളെന്ന തലയെടുപ്പോടെയെത്തുന്ന ബാഴ്‌സലോണയെ അമിത പ്രതീക്ഷകളുടെ ഭാരം തളര്‍ത്തുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. സീസണില്‍ കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം മിന്നുന്ന പ്രകടനം നടത്തി മുന്നേറുന്ന ബാഴ്‌സ ക്ലബ്ബ് ലോകകപ്പിലും മികവ് തുടരാനുള്ള തയ്യാറെടുപ്പിലാണ്. സ്പാനിഷ് ലീഗില്‍ ഒന്നാംസ്ഥാനമുറപ്പിച്ച ശേഷമാണ് ബാഴ്‌സ ജപ്പാനില്‍ വിമാനമിറങ്ങിയത്.
പരിക്കു ഭേദമായി സൂപ്പര്‍ താരം മെസ്സി തിരിച്ചെത്തിയതോടെ ബാഴ്‌സയുടെ കരുത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ബ്രസീല്‍ ടീമിലെ തന്റെ കൂട്ടുകാരന്‍ റൊബീഞ്ഞോയ്ക്കും മുന്‍ ദേശീയ കോച്ച് സ്‌കൊളാരിക്കുമെതിരേ ബാഴ്‌സയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് ഇന്നു കളിക്കാനാവില്ല. പരിക്കുമൂലം വിശ്രമിക്കുന്ന നെയ്മര്‍ ബാഴ്‌സ ഫൈനലിലെത്തുകയാണെങ്കില്‍ കളിക്കുമെന്നാണ് സൂചന.
നെയ്മറില്ലെങ്കിലും ബാഴ്‌സ മുന്നേറ്റനിരയില്‍ മെസ്സിക്കൊപ്പം ഉറുഗ്വേ ഗോളടിവീരന്‍ ലൂയിസ് സുവാറസുള്ളതിനാല്‍ ഗോള്‍ നേടാന്‍ വിഷമമുണ്ടാവില്ല. ഒന്നരമാസത്തോളം മെസ്സി പുറത്തിരുന്നപ്പോള്‍ നെയ്മര്‍- സുവാറസ് ജോടിയാണ് ബാഴ്‌സയെ മുന്നോട്ടുനയിച്ചത്.
അതേസമയം, പ്രതീക്ഷകളുടെ സമ്മര്‍ദ്ദമില്ലാതെയാണ് ഗ്വാങ്ഷു ഇന്നു ബാഴ്‌സയ്‌ക്കെതിരേ കച്ചമുറുക്കുന്നത്. സ്‌കൊളാരിയെന്ന സൂപ്പര്‍ കോച്ചിന്റെ തന്ത്രങ്ങള്‍ കൂടിയാവുമ്പോള്‍ ഗ്വാങ്ഷു അട്ടിമറി ജയം നേടിയാലും അദ്ഭുതപ്പെടാനില്ല.
ബ്രസീലിയന്‍ താരങ്ങളുടെ കരുത്തിലാണ് സ്‌കൊളാരി ഗ്വാങ്ഷുവിനെ നേട്ടങ്ങളിലേക്കു നയിക്കുന്നത്. റൊബീഞ്ഞോയെക്കൂടാതെ മിഡ്ഫീല്‍ഡര്‍ പൗലിഞ്ഞോ, സ്‌ട്രൈക്കര്‍മാരായ റിക്കാര്‍ഡോ ഗൗലാര്‍ട്ട്, എല്‍കെസന്‍, അലന്‍ എന്നിവരാണ് ഗ്വാങ്ഷുവിലെ ബ്രസീലിയന്‍ സാന്നിധ്യം.
റിവര്‍പ്ലേറ്റ് കലാശക്കളിക്ക്
ഒസാക്ക: ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരും അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബുമായ റിവര്‍പ്ലേറ്റ് ക്ലബ്ബ് ലോകകപ്പിന്റെ കലാശക്കളിക്കു യോഗ്യത നേടി.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ റിവര്‍പ്ലേറ്റ് ജപ്പാനീസ് ക്ലബ്ബായ സാന്‍ഫ്രെസ് ഹിരോഷിമയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയത്. 72ാം മിനിറ്റില്‍ അലാറിയോയാണ് വിജയഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it