ജനുവരി തുടക്കം മുതല്‍ ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും വലിയ മാറ്റം വന്ന സാഹചര്യത്തില്‍ അടുത്തവര്‍ഷത്തെ പദ്ധതി ആസൂത്രണം ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
അടുത്ത വര്‍ഷം തുടക്കം മുതല്‍ പദ്ധതി നിര്‍വഹണം ആരംഭിക്കണം. ഗ്രാമസഭകളുടെയും വാര്‍ഡു സഭകളുടെയും യോഗങ്ങള്‍ ജനുവരി അവസാനത്തോടെ ചേരുന്നതിന് ക്രമീകരണം ഉണ്ടാക്കണം.
എങ്കിലെ ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ അടുത്ത വര്‍ഷത്തെ പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടാന്‍ കഴിയൂ. ഈ വര്‍ഷം ജൂണ്‍ 15നു മുമ്പ് എല്ലാ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി തയ്യാറാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചു. അതിനാല്‍ പദ്ധതി നിര്‍വഹണത്തിന് ഒമ്പതു മാസത്തിലേറെ സമയം കിട്ടി.
ജില്ലാ ആസൂത്രണ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്. ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ഏകോപിത പ്രൊജക്ടുകള്‍ തയ്യാറാക്കണമെന്ന് കലക്ടര്‍മാരോട് നിര്‍ദേശിച്ചു.
ജില്ലാ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഏകോപിത പ്രൊജക്ടുകളുടെ എണ്ണവും ഗുണമേന്മയും വിലയിരുത്തപ്പെടും. ഈ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന വികസന കൗണ്‍സില്‍ ജില്ലാ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക. ജില്ലാതല പദ്ധതികള്‍ ജനുവരി മൂന്നാംവാരം സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതി മുമ്പാകെ അവതരിപ്പിക്കണം. അതിനുശേഷം സംസ്ഥാന വികസന കൗണ്‍സില്‍ ചേര്‍ന്ന് പദ്ധതികള്‍ അംഗീകരിക്കും.
Next Story

RELATED STORIES

Share it