kannur local

ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത് ; കര്‍ഷകര്‍ ഭീതിയില്‍

പെര്‍ള: കാട്ടു പോത്ത് വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങി കര്‍ഷകര്‍ ഭീതിയില്‍. കാട് വിട്ടു നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കാര്‍ഷിക മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ പലരും കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. കഴിഞ്ഞ ദിവസം നെട്ടണിഗെ ഗിളിയാലുവിലെ കര്‍ഷകന്‍ ശ്രീധരയുടെ വീട്ടു മുറ്റത്ത് പകല്‍ സമയത്ത് എത്തിയ കാട്ട് പോത്ത് കൃഷിയിടത്തിലെ പച്ചക്കറി കൃഷി വ്യാപകമായി നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ശ്രീധരയുടെ വീട്ടിലെ വളര്‍ത്തു നായയുടെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീട്ടു മുറ്റത്ത് നില്‍ക്കുന്ന കാട്ടു പോത്തിനെയാണ് കണ്ടത്. വീട്ടില്‍ കരുതി വച്ചിരുന്ന പടക്കം പൊട്ടിച്ചതോടെ കാട്ട് പോത്ത് ഓടി മറയുകയായിരുന്നു. എന്നാലും ശ്രീധരന്റെ നെഞ്ചിടിപ്പ് മാറിയിട്ടില്ല. മുന്‍ കാലങ്ങളില്‍ കാട്ടാന കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കേരള-കര്‍ണാടക വന മേഘലയില്‍ നിന്നും കൂട്ടമായെത്തുന്ന കാട്ടുപോത്തുകളാണ് കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍ നെട്ടണിഗെ ജാംബ്രി ഗുഹക്ക് സമീപംവിജനമായ സ്ഥലത്ത് പത്തോളം കാട്ട് പോത്തിന്‍ കൂട്ടങ്ങളെ കണ്ടിരുന്നു. നെട്ടണിഗെയിലെയും സമീപ പ്രദേശത്തെ ചില കര്‍ഷകര്‍ വന്യ മൃഗങ്ങളുടെ ശല്യം സഹിക്കവയ്യാതെ പാരമ്പര്യമായി കൃഷിയെ ആശ്രയിച്ചിരുന്ന കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ചില സമയങ്ങളില്‍ കൂട്ടമായെത്തുന്ന പോത്തിന്‍ കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റിയെത്തുന്നവയാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രത്തിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്.കര്‍ഷകന്റെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് വ്യാപകമായി കൃഷി നശിപ്പിക്കുവാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കണ്ണീരും കൈയുമായി കഴിയുകയാണ് കര്‍ഷക കുടുംബങ്ങള്‍.
ബദിയടുക്ക, ദേലംപാടി , കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്നത്. കാട്ടു പോത്തിന് പുറമെ കാട്ടു പന്നി, കുരങ്ങ്, മുയല്‍, മയിലുകള്‍, കീരി എന്നിവയും കര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. എന്നാല്‍ വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ചുവപ്പുനാടയിലാണ്.
Next Story

RELATED STORIES

Share it