Flash News

ജനരക്ഷായാത്രയ്ക്കു പിന്നില്‍ വര്‍ഗീയപ്രീണന തന്ത്രം



സമദ്  പാമ്പുരുത്തി

കണ്ണൂര്‍: കേരളത്തില്‍ കടന്നുകയറുന്നതിനായി ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷായാത്രയില്‍ പയറ്റുക വര്‍ഗീയ, സാമുദായിക പ്രീണനമെന്ന തന്ത്രം. സിപിഎമ്മിനെയും മുസ്‌ലിം സംഘടനകളെയും പ്രകോപനപരമായി കടന്നാക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ള പദയാത്ര പ്രധാനമായും പാര്‍ട്ടി ഗ്രാമങ്ങളിലൂടെയാണു കടന്നുപോവുക. നാളെ മുതല്‍ 17 വരെയാണു ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരേ എന്ന പേരില്‍ ജനരക്ഷായാത്ര നടക്കുന്നത്. കാസര്‍കോട്ടു നിന്ന് ആരംഭിക്കുന്ന പതിവുരീതിക്ക് വിപരീതമായി സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരില്‍ നിന്നാണ് യാത്രയുടെ ആരംഭം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായും കണ്ണൂര്‍ ജില്ലയിലെ യാത്രയിലുണ്ടാവും. മംഗളൂരുവില്‍ നിന്ന് രാവിലെ 11നു പയ്യന്നൂരിലെത്തുന്ന അമിത്ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിക്കും. പയ്യന്നൂരില്‍ നിന്നു പിലാത്തറ വരെയാണ് ഒന്നാംദിന പദയാത്ര. 9.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ അമിത്ഷായ്ക്ക് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരും കേന്ദ്രമന്ത്രിമാരും എംപിമാരും അണിനിരക്കും. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള രണ്ടാംദിന യാത്രയില്‍ അമിത്ഷാ പങ്കെടുക്കില്ല. പിലാത്തറയിലെ സമാപനത്തിനു ശേഷം ഡല്‍ഹിക്കു തിരിക്കുന്ന അദ്ദേഹം മൂന്നാം ദിവസത്തെ പദയാത്രയില്‍ പങ്കെടുക്കാന്‍ തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ പിണറായി വഴിയാണു മൂന്നാംദിനം യാത്ര കടന്നുപോവുക. രാവിലെ മമ്പറത്തു നിന്ന് ആരംഭിച്ച് വൈകീട്ട് തലശ്ശേരിയില്‍ സമാപിക്കും. തലശ്ശേരിയിലെ സമാപന യോഗത്തിലും അമിത്ഷാ പങ്കെടുക്കും.  ബിജെപിയുടെ സുവര്‍ണസമയം വരണമെങ്കില്‍ ബംഗാളിലും കേരളത്തിലും അധികാരത്തില്‍ വരണമെന്നാണ് 2017 ഏപ്രില്‍ 15ന് ഭുവനേശ്വറില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയുടെ വിലയിരുത്തല്‍. ഇതിന്റെ ചുക്കാന്‍ പിടിക്കുന്നതും അമിത് ഷാ തന്നെ. കഴിഞ്ഞ ജൂണില്‍ കേരളത്തിലെത്തിയ അദ്ദേഹം യുപിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പിടിച്ചതുപോലെ സംഘര്‍ഷഭരിതമാക്കി കേരളവും പിടിക്കാനുള്ള കര്‍മ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ എത്തരുതെന്ന താക്കീത് നല്‍കിയ അദ്ദേഹം, നേതാക്കള്‍ക്ക് ക്ലാസെടുത്താണു മടങ്ങിയത്. തുടര്‍ന്നു സിപിഎമ്മിനെയും മുസ്‌ലിം നവസാമൂഹിക പ്രസ്ഥാനങ്ങളെയും കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണു ബിജെപി ദേശീയ നേതൃത്വം. മതപരിവര്‍ത്തനം, മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തികഞ്ഞ വര്‍ഗീയ നിലപാടുകളുമായി സംഘപരിവാരം അരങ്ങുവാഴുമ്പോള്‍ സിപിഎമ്മിനെയും സംഘപരിവാരത്തിനെതിരേ ശബ്ദിക്കുന്ന മുസ്‌ലിം സംഘടനകളെയും നിരന്തരം കടന്നാക്രമിക്കുകയാണു ബിജെപി. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ കോടികളുടെ അഴിമതിയില്‍ കുരുങ്ങി പാര്‍ട്ടിയുടെ പ്രതിച്ഛായ മങ്ങിയ സാഹചര്യത്തിലായിരുന്നു സപ്തംബറില്‍ ജനരക്ഷായാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വിവാദങ്ങള്‍ കെട്ടടങ്ങാത്തതിനെ തുടര്‍ന്നു യാത്ര മാറ്റിവയ്ക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.
Next Story

RELATED STORIES

Share it