Flash News

ജനപങ്കാളിത്തം നഷ്ടപ്പെട്ട് ജനജാഗ്രതായാത്ര



എച്ച്  സുധീര്‍

തിരുവനന്തപുരം: വിവാദങ്ങള്‍ ചുമലിലേറ്റിയുള്ള എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയെ ജനം കൈവിടുന്നു. പാര്‍ട്ടിഗ്രാമങ്ങളിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തം മാറ്റിവച്ചാല്‍ യാത്രയ്ക്കുള്ള ജനപിന്തുണ കുറഞ്ഞുവരുകയാണെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖല യാത്രയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖല യാത്രയും കഴിഞ്ഞ 21നാണ് ആരംഭിച്ചത്. പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ആനുകൂല്യവുമായി യാത്ര തുടങ്ങിയ എല്‍ഡിഎഫിനെ തേടി ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളുമെത്തി. അഴിമതിക്കെതിരായ നിലപാടുമാറ്റവും സംഘപരിവാര പ്രീണനവും വിവാദ ഉത്തരവുകളുമെല്ലാം ജാഥയുടെ നിറം കെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും, അഴിമതിക്കും, വര്‍ഗീയതയ്‌ക്കെതിരേ മതനിരപേക്ഷത സംരക്ഷിക്കാന്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍- ഇതാണ് ജാഥ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. എന്നാല്‍, ഈ മുദ്രാവാക്യങ്ങളും നിലപാടുകളും കാപട്യമാണെന്ന തരത്തിലേക്ക് വിവാദങ്ങളെത്തിയതോടെ എല്‍ഡിഎഫ് സമ്മര്‍ദത്തിലാവുകയായിരുന്നു.വടക്കന്‍ മേഖലാ യാത്രയെ അപേക്ഷിച്ച് കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ യാത്രയില്‍ ജനപങ്കാളിത്തം ഏറെ കുറവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ പര്യടനം നടത്തിയ ജാഥ ഇന്നലെ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം ജില്ലയിലെ പല പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ ജാഥയോടു സഹകരിച്ചില്ലെന്നാണ് ആക്ഷേപം. ആള്‍ബലം കുറഞ്ഞതോടെ പല മേഖലയിലും ജാഥ കടന്നുപോയതുപോലും ജനമറിഞ്ഞിട്ടില്ല.  പ്രതീക്ഷിച്ച ജനപങ്കാളിത്തം തെക്കന്‍ മേഖലാ യാത്രയ്ക്കില്ലെന്ന വിലയിരുത്തലുണ്ട്. ഇക്കാര്യത്തില്‍ കൊല്ലം ജില്ലയിലെ സിപിഐ പ്രവര്‍ത്തകര്‍ക്കു കടുത്ത അമര്‍ഷവുമുണ്ട്. കൈയേറ്റം ഉള്‍െപ്പടെയുള്ള വിവാദ വിഷയങ്ങളില്‍ സിപിഐ-സിപിഎം ഭിന്നതയും യാത്രയുടെ നിറംകെടുത്തിയിട്ടുണ്ട്. യാത്ര ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് കായല്‍കൈയേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍,  വിഷയം നിയമോപദേശത്തിനു വിട്ടതോടെ റിപോര്‍ട്ടില്‍ നടപടി വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍. ഇതിനു പിന്നാലെ വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണവുമായി ബന്ധപ്പെട്ട നീക്കങ്ങളും ഉത്തരവുകളും സര്‍ക്കാരിന്റെ സംഘപരിവാര പ്രീണനത്തിന് തെളിവായി ഉയര്‍ന്നുവന്നു.  മേമ്പൊടിയായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു നല്‍കിയ നിര്‍ദേശവും പിന്നാലെയെത്തി.  ഈ വിവാദങ്ങളില്‍ മറുപടി പറയാനാവാതെ ശ്വാസംമുട്ടുമ്പോഴാണ് ഇടിത്തീയായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യാത്രാവിവാദം.   ജനജാഗ്രതായാത്ര കൊടുവള്ളിയില്‍ എത്തിയപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ യാത്ര ചെയ്തതാണ് വിവാദമായത്.
Next Story

RELATED STORIES

Share it