ജനതാദള്‍-യു വിമതര്‍ പുതിയ കേരള ഘടകമുണ്ടാക്കുന്നു

കൊച്ചി: യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരാനുള്ള ജനതാദള്‍-യുവിന്റെ നിലപാടിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. യുഡിഎഫ് വിടാനുള്ള തീരുമാനം പാര്‍ട്ടി ഐകകണ്‌ഠ്യേനയല്ല കൈക്കൊണ്ടതെന്ന് ജനതാദള്‍-യു വിമതവിഭാഗം നേതാക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനത്തിനു പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും എതിരാണ്. വിഷയം അജണ്ടയില്‍ പോലും ഉള്‍പ്പെടുത്താതെ ഏകാധിപത്യപരമായാണ് തീരുമാനമെടുത്തതെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഭിന്നാഭിപ്രായം പറയാന്‍ സംസ്ഥാന കൗണ്‍സിലിലോ സംസ്ഥാന കമ്മിറ്റിയിലോ ആരെയും അനുവദിച്ചില്ല. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും ഈ തീരുമാനത്തിനെതിരാണെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെളിയും. അതിനായി സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വന്‍ഷന്‍ 26ന് എറണാകുളത്ത് വിളിച്ചുകൂട്ടും. അതില്‍ ജനതാദള്‍-യു പുതിയ കേരള ഘടകത്തിനു രൂപം നല്‍കും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി പ്രസിഡന്റ് ശരത് യാദവിനെയും മറ്റും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി പാര്‍ട്ടി കേന്ദ്രതലത്തില്‍ കൂട്ടുകെട്ടിലാണ്.  മകനു കോഴിക്കോട് ലോക്‌സഭാ സീറ്റ് നേടിയെടുക്കുന്നതിനാണ് വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശമെന്നും ജോണ്‍ ജോണ്‍ ആരോപിച്ചു. മുന്‍ നിര്‍വാഹക സമിതിയംഗങ്ങളായ പ്രഫ. ജോര്‍ജ് ജോസഫ്, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി തമ്പി ചെള്ളാത്ത്  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it