thrissur local

ജനജീവിതം സൗകര്യപ്രദമാക്കാന്‍ അടിസ്ഥാന സൗകര്യവികസനം അനിവാര്യം: മന്ത്രി

തൃശൂര്‍: രാഷ്ട്രങ്ങള്‍ അടിസ്ഥാന സൗകര്യമൊരുക്കി വികസന രംഗത്ത് കുതിക്കുമ്പോള്‍ ബൈപാസ് ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്നോക്കം പോകുന്ന സമീപനമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്ന് വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു.
ജനജീവിതം സൗകര്യപ്രദമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ദേശീയപാതയുടെ വികസനത്തിന് നെഗോഷ്യബിള്‍ പര്‍ച്ചേസ് പാക്കേജ് സര്‍ക്കാര്‍ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യവികസനം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 70 കോടി ചെലവില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ഈ വര്‍ഷം ടെന്‍ഡര്‍ ചെയ്യും. പുഴയ്ക്കലില്‍ ദേശീയ നിലവാരത്തില്‍ സാംസ്‌കാരിക പ്രദര്‍ശന നിലയം സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലെ പിഡബ്ല്യുഡി റോഡ് വികസിപ്പിക്കുന്നതിന് നടപടി ആരംഭിച്ചു. കിഴക്കേകോട്ട, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍ അനുവദിച്ചു. വഞ്ചിക്കുളം-ചേറ്റുവ ബണ്ട് റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 100 കോടി രൂപ വകയിരുത്തി.
അരണാട്ടുകര, കാഞ്ഞാണി, പാട്ടുരായ്ക്കല്‍- ഷൊര്‍ണൂര്‍ റോഡ് വികസനം എന്നിവ ഉടന്‍ നടപ്പിലാക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലാ ആശുപത്രി നവീകരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഇന്‍കെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അപ്രോച്ച് റോഡിന്റെ രേഖകള്‍ ഏറ്റുവാങ്ങി കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അറിയിച്ചു. എം.ജി.റോഡ് വീതി കൂട്ടുന്നതിന് കോര്‍പ്പറേഷന്‍ പ്രത്യേക പാക്കേജ് അവതരിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനം സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യത്തെ റെയില്‍ ഓവര്‍ബ്രിഡ്ജ് അപ്രോച്ച് റോഡാണ് ദിവാന്‍ജി മൂലയിലേത്. 9 കോടി രൂപയാണ് കോര്‍പ്പറേഷന്‍ പണിയ്ക്ക് നീക്കിവെച്ചിട്ടുള്ളത്. 335 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള അപ്രോച്ച് റോഡ് 7.58 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്.
പട്ടാളം റോഡ് വീതി കൂട്ടുന്നതിന് തടസമായി പോസ്റ്റ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നത് ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണത്തില്‍ സി.എന്‍.ജയദേവന്‍ എം.പി പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബ ബാബു, ഫ്രാന്‍സീസ് ചാലിശേരി, എം.എല്‍. റോസി, ഷീന ചന്ദ്രന്‍, പി.സുകുമാരന്‍, ലാലി ജെയിംസ്, ഡി.പി.സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദന്‍, കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ്ണ, അജിത വിജയന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എ. മഹേന്ദ്ര പങ്കെടുത്തു.
Next Story

RELATED STORIES

Share it