ഛോട്ടാ രാജന്‍ ; സിബിഐ സംഘം ബാലിയില്‍

ന്യൂഡല്‍ഹി/ ബാലി: ഇന്തോനീസ്യന്‍ ജയിലിലുള്ള അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനായി സിബിഐയുടെയും പോലിസിന്റെയും സംയുക്ത സംഘം ബാലിയിലെത്തി. രാജന്റെ പേരില്‍ ഇന്ത്യയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിചാരണ ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്തോനീസ്യന്‍ അധികൃതര്‍ക്ക് ഇന്ത്യ കത്തയച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ഇന്തോനീസ്യയും തമ്മില്‍ കരാറില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി മുഖേന രാജനെ സംബന്ധിച്ച രേഖകള്‍ ഇന്തോനീസ്യക്കു കൈമാറിയിട്ടുണ്ട്. സിബിഐ, മുംബൈ-ഡല്‍ഹി പോലിസ് അടങ്ങിയ ഇന്ത്യന്‍ സംഘം ഇന്നലെ പുലര്‍ച്ചെയാണ് ജകാര്‍ത്തയിലേക്കു തിരിച്ചത്. അവിടെ നിന്നാണ് ബാലിയിലെത്തിയത്.

അതിനിടെ, ജകാര്‍ത്തയിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ അഗര്‍വാള്‍ ഞായറാഴ്ച രാജനെ ജയിലില്‍ ചെന്നു കണ്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ രാജനെ കാണുന്നത്. രാജനെ കഴിഞ്ഞ മാസം 25നാണ് പോലിസ് അറസ്റ്റ് ചെയ്തത്. അനാരോഗ്യവും ദാവൂദിന്റെയും ഛോട്ടാ ഷക്കീലിന്റെയും ഭീഷണിയും മൂലം രാജന്‍ പോലിസിനു കീഴങ്ങിയതാവാമെന്ന് സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പ്രത്യേക കമാന്‍ഡോകളുടെ സുരക്ഷയിലാണ് ബാലിയില്‍ ഛോട്ടാ രാജന്‍. ഇന്ത്യയില്‍ നിന്നെത്തിയ അന്വേഷണസംഘത്തിനും ഇന്തോനീസ്യ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it