thrissur local

ചേപ്പലക്കോട് ചന്ദന മോഷണക്കേസ് : രണ്ടുപേര്‍ കൂടി പിടിയില്‍



വടക്കാഞ്ചേരി: മങ്കര ചേപ്പലക്കോട് വനത്തില്‍ നിന്നും അനധികൃതമായി ചന്ദന മരം  മുറിച്ചു കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ തമിഴ്‌നാട് സ്വദേശികളെ വനപാലകര്‍ ചോദ്യം ചെയ്തതില്‍ കേസിലെ രണ്ടു പേര്‍ കൂടി പിടിയിലായി. പാലക്കാട് കുരീപ്പുഴ സ്വദേശികളായ പറമ്പില്‍ പീടിക മുഹമ്മദ് റഷീദ്(32), നിസാമുദ്ദീന്‍ (22) എന്നിവരാണ് പിടിയിലായത്. ചന്ദന മോഷ്ടാക്കളുടെ താവളമായ പാലക്കാട് കുരീപ്പുഴയില്‍ നിന്നാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയത്. തെക്കേത്തറ പ്രഫ. ബാലകൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പില്‍ നിന്നും രണ്ടുവര്‍ഷം മുമ്പ് ചന്ദന മരം മുറിച്ചു കടത്തുന്നതിനിടെ വനപാലകരെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടവരാണ് പിടിയിലായത്. ഇവര്‍ക്ക് ചന്ദനമരം വിറ്റ പ്രഫ. ബാലകൃഷ്ണന്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മച്ചാട് വനമേഖലയില്‍ നേരത്തേയും നിരവധി ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയതായി വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയിട്ടുള്ളതെന്നാണ് സൂചന. വനമേഖലയില്‍ താമസിക്കുന്ന ആദിവാസി വാച്ചര്‍മാര്‍ക്കിടയില്‍ നിന്നാണ് ചന്ദനമരം മുറിച്ചു കടത്തുന്ന രഹസ്യ വിവരം വനപാലകര്‍ക്ക് ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായ ചന്ദനമോഷണ പരമ്പരയുടെ അന്വേഷണത്തിനിടയിലാണ് ഒളിവില്‍ കഴിയുന്ന പ്രഫസറുമായുള്ള ചന്ദന കേസു വിവരങ്ങള്‍ പുറത്തുവന്നത്. മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ അഷറഫിന്റെ നേതൃത്വത്തില്‍ എളനാട് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി വിജയരാഘവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ഡി രജിത്ത് രാജ്, വി ആര്‍ സുനില്‍കുമാര്‍, കെ രാജു എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന് ചുമതല വഹിക്കുന്നത്.
Next Story

RELATED STORIES

Share it