Kottayam Local

ചെറുവള്ളി എ സ്റ്റേറ്റില്‍ ഭൂസമരക്കാര്‍ തമ്പടിച്ചെന്ന് ഫോണ്‍ സന്ദേശം

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂസമരക്കര്‍ തമ്പടിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വന്‍ പോലിസ് സന്നാഹം പാഞ്ഞെത്തി. ഇന്നലെ ഉച്ചയോടെയാണു സംഭവം.
എസ്റ്റേറ്റിലും പരിസരങ്ങളിലും അതിര്‍ത്തികളിലും വ്യാപകമായി പോലിസ് തിരച്ചില്‍ നടത്തി.
ഒപ്പം എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകളും ജീവനക്കാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കോട്ടയം കലക്ടറേറ്റിലേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്. ഫോണ്‍ വന്നത് തിരുവനന്തപുരത്തു നിന്നാണെന്നു വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭൂസമര സംഘടനയുടെ പ്രവര്‍ത്തക കണ്‍വന്‍ഷനും യോഗവും എരുമേലിയില്‍ നടന്നിരുന്നു.
40ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഭൂസമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ കനകപ്പലം ശ്രീനിപുരം കോളനി എന്നിവിടങ്ങളില്‍ അംഗത്വ കാംപയിനും ഭവന സന്ദര്‍ശനവും നടന്നിരുന്നു. ഇത് ചെറുവള്ളി എസ്റ്റേറ്റ് ലക്ഷ്യമിട്ടുള്ള ഭൂസമരത്തിനാണോയെന്ന് അന്വേഷിക്കുകയാണെന്ന് എരുമേലി പോലിസ് പറഞ്ഞു. എന്നാല്‍ സംഘടനയുടെ ഭാരവാഹികള്‍ ഇതു നിഷേധിച്ചു. സംസ്ഥാന തല പരിപാടിയുടെ ഭാഗമായാണ് ഭവന സന്ദര്‍ശനമെന്നു ഭാരവാഹികള്‍ പറയുന്നു.
തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും എസ്റ്റേറ്റില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം എസ്റ്റേറ്റിന്റെ കൈമാറ്റം അനധികൃതമാണെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിവരുന്ന അന്വേഷണവും നടപടികളും കോടതിയില്‍ തീര്‍പ്പായിട്ടില്ല.
Next Story

RELATED STORIES

Share it