thiruvananthapuram local

ചെറുന്നിയൂരിലെ ജലസ്രോതസ്സുകള്‍ നാശത്തിന്റെ വക്കില്‍

വര്‍ക്കല: ചെറുന്നിയൂരിലെ പരമ്പരാഗത ജലസ്രോതസ്സുകള്‍ കാലഹരണപ്പെടുന്നു. അധികൃതരുടെ കെടുകാര്യസ്ഥത കാരണം സംരക്ഷണമില്ലാതെ നശിക്കുന്ന ജലസ്രോതസ്സുക ള്‍ സ്വകാര്യവ്യക്തികള്‍ കൈയേറുന്നതും പതിവായിട്ടുണ്ട്.
കുന്നിടിച്ച് ചെമ്മണ്‍ കടത്തല്‍, കായല്‍ കൈയ്യേറ്റം വയല്‍ നികത്തല്‍, നീര്‍ച്ചാലുകള്‍ സ്വകാര്യവല്‍ക്കരിക്കല്‍ എന്നിങ്ങനെ നിയമലംഘനങ്ങള്‍ അനവധിയാണ്. കൃഷിനാശം, കുടിവെള്ള ക്ഷാമം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്.
അധികൃതരുടെ ഒത്താശയോടെയാണ് പാരിസ്ഥിതിക ചൂഷണങ്ങള്‍ നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. പുത്തന്‍കടവില്‍ വര്‍ഷങ്ങളായി സ്വകാര്യവ്യക്തികളുടെ നേതൃത്വത്തില്‍ കയ്യേറ്റം തുടരുകയാണ്.
ഇതിനോടകം പത്തേക്കറോളം കായല്‍ നികത്തിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എലിയന്‍വിളാകം, പണയില്‍ കടവ്, മുടിയക്കോട്, വെള്ളിയാഴ്ചക്കടവ് എന്നിവിടങ്ങളിലാണ് കൈയ്യേറ്റം രൂക്ഷമായിട്ടുള്ളത്. പാലച്ചിറ, ദളവാപുരം മേഖലകളില്‍ അനധികൃതമായി കുന്നിടിക്കുന്നത് നിര്‍ബാധം തുടരുകയാണ്.
പാലച്ചിറ, കുറ്റിവേല്‍, കാറാന്തല, തെറ്റിക്കുളം, മുടിക്കോട്, ശാസ്താംനട എന്നിവിടങ്ങളിലാണ് വയല്‍ക്കാവുകളും തലക്കുളങ്ങളും തോടുകളും കൈയ്യേറിയിട്ടുള്ളത്.
അയന്തിതോട്, പാലച്ചിറ പമ്പ് ഹൗസ്, ബ്ലോക്ക് ഓഫിസ് എന്നിവക്ക് സമീപമുള്ള കുളങ്ങള്‍, പുലിയത്ത് ചുണ്ടിനകം കുളം, അടവിനയം കുളം എന്നിവ പുനരുദ്ധരിക്കാനാവാത്ത വിധം നശിച്ചിട്ടുണ്ട്.
പ്രദേശത്തെ ജലസുരക്ഷയും പരിസ്ഥിതി സന്തുലനാവസ്ഥയും വീണ്ടെടുക്കാനായി യാതൊരുവിധ കര്‍മപദ്ധതികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നു വ്യാപക ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it