ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഇന്ന് മുതല്‍ കുറയും

ന്യൂഡല്‍ഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യപദ്ധതി, കിസാന്‍ വികാസ്പത്ര, മുതിര്‍ന്ന പൗരന്‍മാരുടെ സമ്പാദ്യം അടക്കമുള്ള ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് ഇന്നു മുതല്‍ കുറയും. 1.3 ശതമാനം വരെയാണു നിരക്ക് കുറച്ചത്. ഇതുവരെ ഓരോ വര്‍ഷവുമായിരുന്നു പലിശനിരക്ക് പുതുക്കിനിശ്ചയിച്ചിരുന്നത്. ഇനി മുതല്‍ മൂന്നുമാസം കൂടുമ്പോള്‍ നിരക്ക് പുതുക്കാനാണു തീരുമാനം. ഇപ്പോള്‍ പുതുക്കിയ നിരക്ക് ജൂണ്‍ 30 വരെ നിലനില്‍ക്കും. ഇതുപ്രകാരം പിപിഎഫ് പലിശ 8.7 ശതമാനത്തില്‍നിന്ന് 8.1 ശതമാനമായി കുറയും. കിസാന്‍ വികാസ്പത്രയുടേത് 8.7ല്‍ നിന്ന് 7.8 ആയും മുതിര്‍ന്ന പൗരന്മാരുടെ സമ്പാദ്യത്തിന്റേത് 9.3ല്‍ നിന്ന് 8.6 ആയുമായാണ് കുറയുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള സമ്പാദ്യപദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശനിരക്ക് 9.2 ശതമാനത്തില്‍നിന്ന് 8.6 ആയി കുറഞ്ഞതായും ധനമന്ത്രാലയം അറിയിച്ചു. എന്നാല്‍, പോസ്റ്റ് ഓഫിസ് സമ്പാദ്യപദ്ധതിയുടെ പലിശനിരക്ക് നാല് ശതമാനമായി തുടരും.
Next Story

RELATED STORIES

Share it