Flash News

ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുത്‌

ന്യൂഡല്‍ഹി: ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഹോംവര്‍ക്ക് നല്‍കുന്നതു നിരോധിക്കണമെന്നു മദ്രാസ് ഹൈക്കോടതി. 2018-19 അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ അടക്കം എല്ലാ സ്‌കൂളുകളിലെയും ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ചെയ്യാന്‍ കൊടുക്കുന്നതു നിരോധിക്കണമെന്നാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്തെയും കുട്ടികളെയും ബാധിക്കുന്ന വിഷയത്തില്‍ കോടതിയുടെ ഉത്തരവ് ലംഘിക്കാനുള്ള ഏതൊരു ശ്രമവും ഏറെ ഗൗരവമായി കാണുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭാഷാ പഠനവും ഗണിതവുമൊഴികെയുള്ള വിഷയങ്ങള്‍ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനത്തിനായി നിര്‍ദേശിക്കരുതെന്നു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നും കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ കുട്ടികളെ എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്ന ഭാഷാ പഠനം, പരിസ്ഥിതി പഠനം, ഗണിതം എന്നിവ മാത്രമെ പഠിപ്പിക്കാവൂയെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായി ചില്‍ഡ്രന്‍ സ്‌കൂള്‍ ബാഗ് പോളിസി എത്രയും വേഗം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണം.
എന്‍സിഇആര്‍ടി പുറത്തിറക്കിയ പുസ്തകങ്ങള്‍ മാത്രമെ സിബിഎസ്ഇ സ്‌കൂളുകളില്‍ പഠിപ്പിക്കാവൂ എന്ന നിര്‍ദേശിച്ചു കൊണ്ട് 2017 ജൂലൈ 29നു സിബിഎസ്ഇ പുറപ്പെടുവിച്ച സര്‍ക്കുലറിനെ ചോദ്യംചെയ്ത് എ പുരുഷോത്തമന്‍ നല്‍കിയ ഹരജിയില്‍ വാദംകേട്ട ജസ്റ്റിസ് എന്‍ കിരുബരന്റേതാണ് ഉത്തരവ്.
Next Story

RELATED STORIES

Share it