palakkad local

ചെര്‍പ്പുളശ്ശേരി മാങ്ങോട് കേരള മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

ചെര്‍പ്പുളശ്ശേരി: മാനേജ്‌മെന്റിനെതിേര പ്രത്യക്ഷ സമരവുമായി മാങ്ങോട് കേരള മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍.കോളജില്‍ ആവശ്യത്തിന് പഠന സൗകര്യങ്ങളും, പ്രൊഫസര്‍മാരും ഇല്ലെന്നാരോപിച്ചാണു 150ഓളം വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച ജനറല്‍ മേനേജരുടെ ഓഫിസിനു മുന്നിലേക്കു സമരം മാറ്റി. സമരത്തിന് പിന്തുണയുമായി ചൊവ്വാഴ്ച എസ്എഫ്‌ഐയും രംഗത്തെത്തി.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എസ് കിഷോര്‍ ,ജില്ലാ വൈസ് പ്രസിഡന്റ് പി ജിംഷാദ്,ഏരിയാ പ്രസിഡന്റ് പി ശ്യാം ,സെക്രട്ടറി സനൂപ് എന്നിവര്‍ ചൊവ്വാഴ്ച കോളജിലെത്തി സമരത്തിന് നേതൃത്വം നല്‍കി. 2016 സപ്തംബറിലാണ് കേരളാ മെഡിക്കല്‍ കോളജില്‍ ആദ്യ ബാച്ച് ആരംഭിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. തുടക്കത്തില്‍ തന്നെ കോളജില്‍ ആവശ്യത്തിന് ലാബ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.
എല്ലാം പരിഹരിക്കുമെന്നായിരുന്നു അന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മാനേജ്‌മെന്റിനെതിരേ വിദ്യാര്‍ഥികള്‍ സമര രംഗത്ത് വന്നത്. കാന്റീന്‍ ഫീസായി വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം രൂപ ഈടാക്കുന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ നല്ല ഭക്ഷണവും മെച്ചപ്പെട്ട ഹോസ്റ്റല്‍ സൗകര്യവും പോലും നല്‍കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
നിരവധി വിദ്യാര്‍ഥികളുടെ ഭാവി അനശ്ചിതത്വത്തിലാവുന്ന വിഷയത്തില്‍ മാനേജ്‌മെന്റ് അടിയന്തിരമായി ഇടപെടണമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എസ് കിഷോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലാബിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണെന്നും നിലവിലെ പ്രശ്‌നങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു.
Next Story

RELATED STORIES

Share it