ചെന്നീര്‍ക്കര പഞ്ചായത്തിന് സംസ്ഥാന അവാര്‍ഡ്



പത്തനംതിട്ട: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പ്രവൃത്തികള്‍ നടപ്പാക്കിയതിനു പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ബ്ലോക്കിലെ ചെന്നീര്‍ക്കര ഗ്രാമപ്പഞ്ചായത്ത് അവാര്‍ഡ് നേടി. ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2017 രാജ്യാന്തര സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്ററായ ദാരിദ്ര്യലഘൂകരണവിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സി എസ് കൃഷ്ണകുമാര്‍, തൊഴിലുറപ്പു പദ്ധതി ഓവര്‍സിയര്‍ എം എന്‍ സുനിതകുമാരി മന്ത്രി ഡോ. തോമസ് ഐസക്കില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അവാര്‍ഡായി പഞ്ചായത്തിനു ലഭിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ വേറിട്ട കാഴ്ചപ്പാടില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത ചെന്നീര്‍ക്കര ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 11 പ്രവൃത്തികളാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ഏറ്റെടുത്തത്. ഇതിലൂടെ 15,29,205 രൂപ ചെലവഴിച്ചു. ഇതില്‍ 60 ശതമാനം തുകയും തൊഴിലാളികള്‍ക്കു കൂലി ഇനത്തിലാണു നല്‍കിയത്. ഈ ഇനത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയതും തുക ചെലവഴിച്ചതും ചെന്നീര്‍ക്കര പഞ്ചായത്താണ്. അച്ചന്‍കോവിലാറിന്റെ ആറ്റുതീരം കടവ്, പൂതേത്ത് കണ്ണങ്കര, കുമരംവയല്‍ ഏലാസൈഡുകള്‍ എന്നിവയുടെ അതിരുകള്‍ കയര്‍ ഭൂവസ്ത്രമുപയോഗിച്ച് ബലപ്പെടുത്തുകയും പുല്ലുകള്‍ പിടിപ്പിപ്പിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it