Flash News

ചെങ്ങന്നൂര്‍ ഫലം പിണറായി ഭരണത്തിനുള്ള അംഗീകാരമല്ല, ബിജെപിക്കെതിരായ രോഷപ്രകടനമാണ്. എസ്ഡിപിഐ

ചെങ്ങന്നൂര്‍ ഫലം പിണറായി ഭരണത്തിനുള്ള അംഗീകാരമല്ല, ബിജെപിക്കെതിരായ രോഷപ്രകടനമാണ്. എസ്ഡിപിഐ
X


തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച ഉജ്ജ്വല വിജയം പിണറായി ഭരണത്തിനുള്ള അംഗീകാരമാണെന്ന വാദം യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി. ഇത്തവണ പിടിച്ചെടുക്കാനുറച്ച് ബിജെപി നടത്തിയ വര്‍ഗീയ നീക്കങ്ങളെ ചെറുക്കാനുള്ള ജനജാഗ്രത എല്‍ഡിഎഫിന് ഗുണകരമായി മാറിയത്  താല്‍ക്കാലികമാണ്. പ്രത്യേക സാഹചര്യത്തില്‍ ജയസാധ്യത ഏറിയ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സജി ചെറിയാന് ജനങ്ങള്‍ മുന്‍ഗണന നല്‍കിയതാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് കാരണമായത്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടു നില ഇതിനൊരു ഉദാഹരണമാണ്. ഇത് തിരിച്ചറിയാതെ അഹങ്കാരത്തോടെ മുന്നോട്ട് പോകാനും ജനദ്രോഹഭരണം തുടരാനുമാണ് പിണറായി വിജയന്റെ ഭാവമെങ്കില്‍ കാലം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  തല്ലി കൊലകള്‍, ഇന്ധന വില വര്‍ധനവ്, വിലക്കയറ്റം, വ്യാപാര രംഗത്തുണ്ടായ  തകര്‍ച്ച തുടങ്ങി ജന ജീവിതം ദുസ്സഹമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് രാജ്യത്താകെ ഉപ തെരഞ്ഞെടുപ്പുകളിലുണ്ടായിട്ടുള്ളത്.  ചെങ്ങന്നൂരില്‍ ബിജെപിക്കെതിരെ ദലിത്, ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതില്‍ എസ്ഡിപിഐയുടെ ഇടപെടല്‍ നിര്‍ണായകമായിട്ടുണ്ടെന്നും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും മജീദ് ഫൈസി പറഞ്ഞു. ബിജെപിയുടെ എല്ലാ സ്വപ്‌നങ്ങളെയും തച്ചുടച്ച ചെങ്ങന്നൂരിലെ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും മജീദ് ഫൈസി പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it