ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്മുഖ്യധാരാ കക്ഷികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കടലാസ് സംഘടനകളുടെ തിരക്ക്

എ  ജയകുമാര്‍
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന് നാലുദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ചെങ്ങന്നൂരില്‍  കടലാസ് സംഘടനകളുടെ തിരക്ക്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ അതതു പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് പ്രചാരണം നടത്തുന്നതിന് പുറമെ വിവിധ ട്രേഡ് യൂനിയനുകള്‍, രാഷ്ട്രീയമില്ലാതിരുന്ന സംഘടനകള്‍, ചെറു സമുദായ സംഘടനകള്‍, തുടങ്ങിയവയെല്ലാം ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു.
തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ വാരിക്കോരി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കണ്ണ് വച്ചാണ് കടലാസ് സംഘടനകള്‍ രംഗപ്രവേശം ചെയ്തത്. മുമ്പ് മറ്റ് പാര്‍ട്ടികള്‍ തങ്ങളോടു ചെയ്ത ക്രൂരതയും ഇവര്‍ വോട്ടുവിഷയമാക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ പേരിനുപോലും സാന്നിധ്യമില്ലാത്ത സംഘടനകളാണ് ഇതില്‍ പലതും. ഇത്തരം സംഘടനകളെയും മറ്റും മണ്ഡലത്തിലെത്തിച്ച് പ്രചാരണം നടത്താന്‍ മുന്നണികളും താല്‍പര്യം കാണിക്കുന്നുണ്ട്. ഇവരെല്ലാം തങ്ങളോടൊപ്പമാണ് എന്ന് പ്രചരിപ്പിക്കുകയാണ്  ലക്ഷ്യം.
ചെങ്ങന്നൂരില്‍ വന്നെത്തുന്ന സംഘങ്ങളുടെ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സഞ്ചരിക്കാന്‍ വാഹനങ്ങളും ഉച്ചഭാഷിണിയും താമസ ഭക്ഷണ സൗകര്യങ്ങളും മുന്തിയ തരത്തില്‍തന്നെ ഏര്‍പ്പെടുത്താന്‍ പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. ഒപ്പം സംഘടനകളുടെ പ്രമുഖ നേതാക്കള്‍ക്ക് പണവും കിട്ടുന്നുണ്ടെന്നാണ് അണിയറ സംസാരം. സമുദായ സംഘടനകള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞാല്‍ ഇത്തരം സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തി ഇതേ സംഘടനയോ സമുദായമോ എന്നു തോന്നിക്കുന്ന തരത്തില്‍ ഏതെങ്കിലും സംഘടനയുടെ പേര് പ്രഖ്യാപിച്ച് ഇത്തരം സമുദായത്തില്‍നിന്ന് ഒരു പ്രസംഗകനെ ഉള്‍പ്പെടുത്തി വോട്ടഭ്യര്‍ഥിക്കുന്ന രീതിയും  സ്ഥാനാര്‍ഥികള്‍ പിന്തുടരുന്നുണ്ട്. എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനത്തെ പിന്തുടര്‍ന്ന് പ്രചാരണം നടത്തുന്ന തരംതാണ രീതിയും ചെങ്ങന്നൂരില്‍ വ്യാപകമാണ്. ഓരോ പ്രദേശത്തും താമസിക്കുന്ന മതവിഭാഗത്തില്‍പ്പെട്ടവരെത്തന്നെ അവിടങ്ങളില്‍ പ്രചാരണത്തിനെത്തിക്കാനാണ് ഇടതു മുന്നണിയടക്കം ശ്രമിക്കുന്നത്.
മറ്റ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന്റെ ഗാനങ്ങള്‍ തെരുവു നാടകങ്ങള്‍, നാടന്‍ പാട്ടുകള്‍, ഫഌഷ് മോബ്, ഓട്ടന്‍തുള്ളല്‍ എന്നിവ മണ്ഡലത്തിലെത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍ ഉടന്‍ എല്ലാ സ്ഥാനാര്‍ഥികളും ഇത്തരം പ്രോഗ്രാമുകള്‍ മണ്ഡലത്തില്‍ നടത്താന്‍ പ്രത്യേക സംഘങ്ങളെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it