Flash News

ചെങ്ങന്നൂരില്‍ തണ്ടൊടിഞ്ഞ് താമര; വോട്ടുവിഹിതം കുറഞ്ഞു

പി   വി   വേണുഗോപാല്‍
ആലപ്പുഴ: മറ്റു മണ്ഡലങ്ങളില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളെയെത്തിച്ചും ത്രിപുര മുഖ്യനെ കൊണ്ടുവന്നിട്ടും ചെങ്ങന്നൂരില്‍ താമരയുടെ തണ്ടൊടിഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നപ്പോള്‍ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 7,500 ഓളം വോട്ടിന്റെ കുറവാണുണ്ടായത്.
2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 42,682 വോട്ടുകള്‍ നേടിയിരുന്നെങ്കില്‍ ഇക്കുറി അവര്‍ക്കു കീശയിലാക്കാനായത് കേവലം 35,270 വോട്ടുകള്‍ മാത്രം. കൃത്യമായി പറഞ്ഞാല്‍ 7,410 വോട്ടാണ് ഇക്കുറി ബിജെപിക്ക് നഷ്ടപ്പെട്ടത്. ചെങ്ങന്നൂരിലെ ബിജെപി ശക്തികേന്ദ്രങ്ങളെന്നു കരുതിയിരുന്ന പഞ്ചായത്തുകളില്‍ പോലും കഴിഞ്ഞതവണത്തേക്കാള്‍ കുറവു വോട്ടുകള്‍ സമാഹരിക്കാന്‍ മാത്രമേ എന്‍ഡിഎക്ക് കഴിഞ്ഞുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബിജെപി രണ്ടാം സ്ഥാനത്തുപോലും എത്തിയില്ല എന്നതും സവിശേഷതയാണ്. ജനങ്ങള്‍ക്കിടയില്‍ ഏറെ സമ്മതനായ അഡ്വ. ശ്രീധരന്‍ പിള്ളയെയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയത്. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് പറഞ്ഞു കേള്‍ക്കുന്ന എം ടി രമേശിനായിരുന്നു ചെങ്ങന്നൂരിന്റെ ചുമതല.
ദേശീയ നേതാക്കളും ആര്‍എസ്എസും മണ്ഡലത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നിട്ടും ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി 3427, വെണ്‍മണി 3302, ആല 1929, പാണ്ടനാട് 1710, മാന്നാര്‍ 4,117, ചെന്നിത്തല 3,906, ബുധനൂര്‍ 3,397, പുലിയൂര്‍ 2,117 മുളക്കുഴ 3,369, ചെറിയനാട് 3,778, തിരുവന്‍വണ്ടൂര്‍ 3,515 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും ബിജെപി നേടിയ വോട്ടുകള്‍. ഇതില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബിജെപി കഴിഞ്ഞതവണ ഭരണകക്ഷിയായിരുന്നു. എന്നാല്‍ ഇക്കുറി ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ ഇവിടെ 10 വോട്ടുകള്‍ക്കു മുമ്പിലായി. ബിജെപിയുടെ മറ്റൊരു ശക്തികേന്ദ്രമായ മാന്നാറിലും ബിജെപി പിന്നാക്കം പോയി. 2,629 വോട്ടുകളുടെ ലീഡാണ് ഇവിടെ സജി ചെറിയാന്‍ നേടിയത്.
കഴിഞ്ഞതവണ ലഭിച്ച 5,236 വോട്ടുകളില്‍ നിന്ന് 4,117 വോട്ടുകള്‍ എന്ന നിലയിലേക്കാണ് എന്‍ഡിഎ മാന്നാറില്‍ മൂക്കുകുത്തിയത്. തിരെഞ്ഞടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ എന്‍ഡിഎയില്‍ നിലനിന്നിരുന്ന പടലപ്പിണക്കങ്ങള്‍ തിരിച്ചടിയായെങ്കിലും അന്തിമ റൗണ്ടില്‍ ഒരു പരിധിവരെ സമവായമുണ്ടാക്കി സഖ്യകക്ഷികളെ പ്രചാരണരംഗത്തിറക്കാന്‍ എന്‍ഡിഎക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ തീവ്ര വര്‍ഗീയ നടപടികള്‍ക്കെതിരേ ജനങ്ങളുടെ വിധിയെഴുത്തായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ തോല്‍വിയെ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it