Kollam Local

ചൂരക്കുളം മനസ് തുറന്നു; പ്രതീക്ഷ പകര്‍ന്ന് കലക്ടറുടെ സന്ദര്‍ശനം

അഞ്ചല്‍: അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈഷ്ണവിക്കും ഇളയ സഹോദരി വൈശാഖിക്കും സ്വപ്‌നതുല്യമായ ഒരു നിമിഷമായിരുന്നു അത്.രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ തങ്ങളുടെ കൊച്ചുവീട്ടിലേക്ക് കയറിവരുന്നത് ജില്ലാ കലക്ടര്‍. ആദ്യത്തെ അമ്പരപ്പ് മാറാന്‍ കലക്ടര്‍ എസ് കാര്‍ത്തികേയന്റെ ചിരി മാത്രം മതിയായിരുന്നു കുട്ടികള്‍ക്ക്. പരാധീനതകളുടെ കാഴ്ച്ചകള്‍ കണ്ടും കഥകള്‍ കേട്ടും ഇടപെടല്‍ ഉറപ്പ് നല്‍കിയും പടിയിറങ്ങുമ്പോള്‍ പഠിച്ച് മിടുക്കരാകണമെന്ന ഉപദേശമായിരുന്നു കലക്ടര്‍ അവര്‍ക്ക് നല്‍കിയത്. ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയുടെ ഭാഗമായി അഞ്ചല്‍ ചൂരക്കുളം പട്ടികജാതി കോളനിയില്‍ നടന്ന സന്ദര്‍ശനം ജില്ലാ ഭരണകൂടം ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നതിന്റെ നേരനുഭവമായി. കോളനിയിലെ വീടുകളുടെ സ്ഥിതി കണ്ടും കുഞ്ഞുങ്ങള്‍ക്ക് വാല്‍സല്യം പകര്‍ന്നും മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തും ജില്ലാ കലക്ടര്‍ നീങ്ങുമ്പോള്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.തുടര്‍ന്ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വഹണത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കലക്ടറുടെ മുഖാമുഖം നടന്നു. 23 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നടത്തി. പദ്ധതികളുടെ നിര്‍വഹണത്തില്‍ ഗതിവേഗം പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഗ്രാമപ്പഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ പദ്ധതികളിലെ വിജയമാതൃകകള്‍ തിരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കും. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിറവേറ്റാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണം. പൂത്തിയാകാതെ കിടക്കുന്ന വീടുകളുടെ പണി തീര്‍ക്കുന്നതിന് കൃത്യമായ എസ്റ്റിമേറ്റ് എടുക്കണം. ഇത്തരം വീടുകള്‍ നേരിട്ട് ചെയ്യാന്‍ ശേഷിയില്ലാത്ത ഗുണഭോക്താക്കള്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച് നല്‍കണം.ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധികളുമായി വികസന വിഷയങ്ങളില്‍ കലക്ടര്‍ ആശയവിനിമയം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ബാലചന്ദ്രന്‍, എഡിസി ജനറല്‍ വി സുദേശന്‍, ബിഡിഒ സൗമ്യ ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it