Flash News

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്: പ്രതിപക്ഷം ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായി ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏഴു പ്രതിപക്ഷ കക്ഷികളില്‍ നിന്ന് 71 രാജ്യസഭാ എംപിമാര്‍ ഒപ്പുവച്ച നോട്ടീസാണ് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് സമര്‍പ്പിച്ചിരിക്കുന്നത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.
ഉത്തര്‍പ്രദേശിലെ പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റ് മെഡിക്കല്‍ പ്രവേശന അഴിമതിയടക്കമുള്ള കേസുകളില്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസിനെതിരേ നേരത്തേ തന്നെ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ജനുവരി 12ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ ആരോപണമുന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് ഇംപീച്ച്‌മെന്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തുടക്കമായത്. അതിനു പിന്നാലെ ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, ഹരജിക്കാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ജസ്റ്റിസ് ലോയയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന നാലു ജില്ലാ ജഡ്ജിമാരുടെ മൊഴികള്‍ മാത്രം ആധാരമാക്കി സ്വതന്ത്ര അന്വേഷണമെന്ന ആവശ്യം തള്ളുകയും ചെയ്തു.
പരമോന്നത നീതിപീഠത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള നീക്കവും നടക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റ് കേസിന് പുറമെ, ദീപക് മിശ്ര അഭിഭാഷകനായിരുന്ന സമയത്ത് കള്ളസത്യവാങ്മൂലം നല്‍കി ഭൂമി കൈവശപ്പെടുത്തിയ സംഭവവും മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ ഉന്നയിച്ച വിഷയങ്ങളും അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ കാരണമായി പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളിലെ രാജ്യസഭാ എംപിമാരാണ് നോട്ടീസില്‍ ഒപ്പുവച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it