kozhikode local

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസ്: പ്രതികളെ പിടികൂടിയത് ശക്തമായ ജനരോഷത്തിനൊടുവില്‍

വടകര:  സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പോലിസ് മുഖ്യപ്രതിയെ പിടികൂടിയത് ശക്തമായ ജനരോഷത്തിനൊടുവില്‍. സ്ത്രീത്വത്തെ അപമാനിച്ച് ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലും പോലിസ് കാണിച്ച നിഷ്‌ക്രിയത്വത്തിനെതിരെ സ്ത്രീകള്‍ ഒന്നടങ്കം തെരുവിലേക്കിറങ്ങിയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം വടകരയില്‍ കണ്ടത്. വടകര സിഐ ഓഫിസ് മാര്‍ച്ചില്‍ നൂറ് കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്.
ഇത്തരത്തില്‍ സ്ത്രീകള്‍ തെരുവിലിറങ്ങിയ സംഭവം വടകരയില്‍ വിരളമാണ്. പ്രതികളെ പിടികൂടുന്നതിലും, പരാതികള്‍ സ്വീകരിക്കുന്നതിലും പോലിസ് ഗൗരവം കാണിച്ചില്ലെന്ന് സംഭവം പുറത്ത് വന്ന ആദ്യം തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തി. ഒടുവില്‍ എല്ലാ പ്രതികളെയും പോലിസ് വലയിലാക്കി. വടകര പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപത്തെ സദയം സ്റ്റുഡിയോ കേന്ദ്രീകരിച്ചായിരുന്നു മോര്‍ഫ് ചെയ്ത സംഭവം നടക്കുന്നത്.
സ്റ്റുഡിയോ ജീവനക്കാരനും കേസിലെ മുഖ്യപ്രതിയുമായ ബിബീഷ് ഫെയ്‌സ് ബുക്കില്‍ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുമായി ചേര്‍ത്തു. പിന്നീട് മോര്‍ഫ് ചെയ്യപ്പെട്ടവരെ തന്നെ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി ഭീഷണിപ്പെടുത്തി. സമൂഹത്തില്‍ തങ്ങള്‍ കളങ്കപ്പെട്ടവരായെന്ന് മനസിലാക്കിയ സ്ത്രീകള്‍ ആരും തന്നെ പുറത്ത് പറഞ്ഞില്ല. എന്നാല്‍ സ്റ്റുഡിയോ ഉടമകളും ജീവനക്കാരനും തമ്മിലുണ്ടായ പ്രശ്‌നം വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസ സ്റ്റുഡിയോ ഉടമകളായ സതീശനെയും ദിനേശനെയും പോലിസ് പിടികൂടിയിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായ ഇടപെടല്‍ നടത്തിയതോടെയാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ പിടികൂടാനായി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം സ്റ്റുഡിയോ ഉടമകള്‍ തൊട്ടില്‍പലം കുണ്ടുതോടുള്ള ഇവരുടെ ബന്ധുവീട്ടില്‍ വെച്ച് പിടിയിലായിരുന്നു. ഏതാനും ദിവസത്തിനുള്ളിലെ പോലിസ് ഇടപെടല്‍ കൊണ്ടു തന്നെ കേസില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പോലിസിന് കഴിഞ്ഞു.
Next Story

RELATED STORIES

Share it