Flash News

ചിത്രം തെളിഞ്ഞു; പോരാട്ടങ്ങള്‍ ഇങ്ങനെ

ചിത്രം തെളിഞ്ഞു; പോരാട്ടങ്ങള്‍ ഇങ്ങനെ
X


മോസ്‌കോ: ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളിയാരാധകരുടെ കാത്തിരിപ്പിനും കണക്കുകൂട്ടലുകള്‍ക്കും വിരാമം.വര്‍ണാഭമായ ചടങ്ങുകളോടെയാണ് 2018 റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടനറുക്കെടുപ്പിന് തലസ്ഥാനനഗരിയായ മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരം വേദിയായത്.
പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഇന്ത്യന്‍സമയം രാത്രി എട്ടരയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.  ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കറും റഷ്യന്‍ ടിവി അവതാരക മരിയ കൊമാന്‍ഡനായയുമായിരുന്നു പരിപാടിയുടെ മുഖ്യ അവതാരകര്‍. മുന്‍കാല ലോകകപ്പ് ജേതാക്കളായ ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോര്‍ലാന്‍ തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ സംബന്ധിച്ചു.  ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളെയും നാലു കുടങ്ങളിലായി വീതിച്ചാണ് ഗ്രൂപ്പ്ഘട്ട നറുക്കെടുപ്പ് നടത്തിയത്. ആതിഥേയരായ റഷ്യയും റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് ഏഴു ടീമുകളുമായിരുന്നു ആദ്യത്തെ കുടത്തില്‍. റാങ്കിങ്ങില്‍ ഏറ്റവും താഴെയുള്ള എട്ടു ടീമുകള്‍ അവസാന കുടത്തിലും. ഓരോ കുടത്തില്‍ നിന്നും ഒരു ടീമിനെ വീതം എടുക്കും. അങ്ങനെ നാലു ടീമുകളടങ്ങിയ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് നറുക്കെടുത്തത്.2018 ജൂണ്‍14ന് മോസ്‌കോയിലെ ലുഷ്‌നികി സ്്‌റ്റേഡിയത്തിലാണ് ലോകകപ്പിന് കിക്കോഫ്. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ റഷ്യ ഏഷ്യന്‍ കരുത്തരായ സൗദിയെ നേരിടും. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ്ഘട്ട മല്‍സരങ്ങള്‍ക്കു ശേഷം ജൂണ്‍ 30ന് നോക്കൗട്ട് മല്‍സരങ്ങള്‍ക്കു തുടക്കമാവും. ഓരോഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്.ജൂലൈ 10,11 ദിവസങ്ങളിലാണ് സെമിഫൈനലുകള്‍. 14ന് ലൂസേഴ്‌സ് ഫൈനല്‍ നടക്കും.ജൂലൈ പതിനഞ്ചിന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ത്തന്നെയാണ് കലാശപ്പോരാട്ടവും അരങ്ങേറുക.


ഗ്രൂപ്പ് എ

റഷ്യ
സൗദി അറേബ്യ
ഈജിപ്ത്
ഉറുഗ്വോ

ഗ്രൂപ്പ് ബി

പോര്‍ച്ചുഗല്‍
സ്‌പെയിന്‍
മൊറോക്കോ
ഇറാന്‍

ഗ്രൂപ്പ് സി

ഫ്രാന്‍സ്
ആസ്‌ത്രേലിയ
പെറു
ഡെന്‍മാര്‍ക്ക്

ഗ്രൂപ്പ് ഡി

അര്‍ജന്റീന
ഐസ്‌ലന്‍ഡ്
ക്രൊയേഷ്യ
നൈജീരിയ

ഗ്രൂപ്പ് ഇ

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
കോസ്റ്റാറിക്ക
സെര്‍ബിയ

ഗ്രൂപ്പ് എഫ്

ജര്‍മനി
മെക്‌സിക്കോ
സ്വീഡന്‍
കൊറിയ റിപബ്ലിക്ക്

ഗ്രൂപ്പ് ജി

ബെല്‍ജിയം
പനാമ
തുനീസ്യ
ഇംഗ്ലണ്ട്

്ഗ്രൂപ്പ് എച്ച്

പോളണ്ട്
സെനഗല്‍
കൊളംബിയ
ജപ്പാന്‍
Next Story

RELATED STORIES

Share it