thiruvananthapuram local

ചികില്‍സാ പിഴവിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; ഡോക്ടര്‍മാരുടെ മിന്നല്‍സമരം: ചികില്‍സ കിട്ടാതെ രോഗികള്‍ വലഞ്ഞു

തിരുവനന്തപുരം: ജില്ലയില്‍ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നൂറുകണക്കിന് രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥകാരണം മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ റജിമോന്‍(32) ആണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ടാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ എട്ടു മുതലാണ് അപ്രതീക്ഷിതമായി ഡോക്ടര്‍മാര്‍ സമരം നടത്തിയത്.
ഒ പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരത്തില്‍ നൂറുകണക്കിന് രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു. കൂട്ട അവധി എടുത്ത് സമരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ ഡോക്ടര്‍മാരോട് കെജിഎംഒ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിക്ക് പുറമെ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലെയും ഒപികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗവും അവശ്യസര്‍വീസുകളും മാത്രമാണ് പ്രവര്‍ത്തിച്ചത്. 118 ഒ പികളിലായി 120ഓളം ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നത്. എന്നാല്‍ 800ഓളം രോഗികള്‍ ഇന്നലെ ചികില്‍സയ്‌ക്കെത്തിയപ്പോള്‍ 5 ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്കു ഹാജരായത്. സമരത്തിന്റെ കാര്യമറിയാതെ എത്തിയ രോഗികള്‍ക്കാണ് ചികില്‍സ നിഷേധിക്കപ്പെട്ടത്.
ജനറല്‍ ആസ്പത്രിയില്‍ രാവിലെ ഒ പിയില്‍ ടോക്കണ്‍ നല്‍കിയിരുന്നു. നൂറുകണക്കിന് രോഗികള്‍ക്കാണ് ടോക്കണ്‍ നല്‍കിയത്. അതിനു ശേഷമാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ ടോക്കണ്‍ നല്‍കിയവരെപ്പോലും ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറാവാത്തതിനെത്തുടര്‍ന്ന് രോഗികള്‍ മടങ്ങിപ്പോവേണ്ടി വന്നു. ഡോക്ടര്‍മാര്‍ സമരം നടത്തിയത് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണെന്നും അതിനാല്‍ തന്നെ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡോക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ തടഞ്ഞുവച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. ആര്‍ രമേഷിനെയാണ് ഇന്നലെ രാവിലെ ഡോക്ടര്‍മാര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ തടഞ്ഞുവെച്ചത്. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമവും ഉണ്ടായി. ഫോട്ടോഗ്രാഫര്‍മാര്‍ ഉപരോധം ചിത്രീകരിക്കാന്‍ ശ്രമിച്ചത് ഡോക്ടര്‍മാര്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വീഡിയോ ക്യാമറകള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. കോണ്‍ഫറന്‍സ് ഹാളിനുള്ളില്‍ കടന്ന മാധ്യമപ്രവര്‍ത്തകരെ പിടിച്ചുപുറത്താക്കാനും ശ്രമിച്ചു. പ്രകോപിതരായ സമരക്കാരെ പോലിസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. സമരക്കാര്‍ പിന്‍മാറാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പലരും പോലിസ് എത്തിയതോടെ പിന്‍വാതിലിലൂടെ രക്ഷപെട്ടു. 23 വനിതകളടക്കം 37 പേരെ അറസ്റ്റ് ചെയ്തതായി കന്റോണ്‍മെന്റ് പോലിസ് അറിയിച്ചു. ഇവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഡയറക്ടറെ തടഞ്ഞുവച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ തളര്‍ച്ച ബാധിച്ചാണ് മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ റജിമോനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിത്. എന്നാല്‍ റജിക്ക് കാര്യമായ ചികില്‍സ കിട്ടിയില്ല. ഒരു മണിക്കൂറോളം നേരം കൃത്യമായ ചികില്‍സ ലഭിക്കാതെ റജിയുടെ നില വഷളാവുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അയിഷയുടെ അനാസ്ഥ കൊണ്ടാണ് റജി മരിച്ചത്. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും ബന്ധുക്കളും പ്രതിഷേധം നടത്തിയതോടെയാണ് സംഭവം വിഷയമായത്. തുടര്‍ന്ന് ആരോഗ്യമന്ത്രി ഇടപെട്ടാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, റജിമോന്റെ മരണത്തിനുത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വദേശമായ ആനയറ കുടവൂരില്‍ സര്‍വകക്ഷി ഹര്‍ത്താല്‍ നടത്തി.
Next Story

RELATED STORIES

Share it