Editorial

ചികില്‍സയുടെ കാര്യത്തില്‍ മാത്രമോ ഉശിര്?

എലിപ്പനി തടയുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന ഡോക്‌സിസൈക്ലിന്‍ ഗുളിക ഉപയോഗിക്കരുതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന്റെ പേരില്‍ ജേക്കബ് വടക്കുംചേരിയെന്ന പ്രകൃതിചികില്‍സാ പ്രചാരകനെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്കിടയില്‍ അശാസ്ത്രീയ പ്രചാരണങ്ങള്‍ നടത്തുക വഴി ഭീതി പരത്തി എന്നതാണ് അദ്ദേഹത്തിനു മേല്‍ ആരോപിക്കപ്പെട്ട കുറ്റം. നിപാ വൈറസ്ബാധയുടെ കാലത്തും ജേക്കബ് വടക്കുംചേരി സര്‍ക്കാര്‍ കൈക്കൊണ്ടുവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രംഗത്തുവന്നിരുന്നു. അലോപ്പതി മരുന്നുകള്‍ക്കെതിരായി നടത്തിവരുന്ന പോരാട്ടത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍.
ആധുനിക വൈദ്യശാസ്ത്രത്തിനെതിരായി സമാന സമീപനങ്ങള്‍ കൈക്കൊള്ളുന്ന നിരവധിപേരുണ്ട്. വൈദ്യജന്യരോഗങ്ങള്‍ക്കെതിരായി അണിനിരക്കുന്ന ഇക്കൂട്ടര്‍ക്കിടയില്‍ പ്രശസ്തരായ ഡോക്ടര്‍മാരെപ്പോലും കാണാം. അലോപ്പതി മരുന്നുകളുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും അതിഭീകരമാണുതാനും. മരുന്നുകമ്പനികളും ഡോക്ടര്‍മാരും തമ്മിലുള്ള അവിഹിതബന്ധങ്ങള്‍ നാട്ടില്‍പ്പാട്ടുമാണ്. ഇതിന്റെ മറുവശമാണ്, ചികില്‍സയുടെ മറവില്‍ അഴിഞ്ഞാടുന്ന വ്യാജ വൈദ്യന്‍മാരുടെ വൈപുല്യം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അപചയങ്ങളില്‍ നിന്നും പരിമിതികളില്‍ നിന്നും മുതലെടുത്ത് തീര്‍ത്തും അശാസ്ത്രീയമായ ചികില്‍സകള്‍ നടത്തി ജനങ്ങളെ പറ്റിക്കുന്നവരാണ് ഇവരില്‍ പലരും. പ്രകൃതിചികില്‍സയെന്നു പറഞ്ഞ് ശരിയായ രോഗനിര്‍ണയം നടത്താതെ വ്യാജവൈദ്യം പ്രയോഗിക്കുന്നവരും ഒറ്റമൂലി വഴി ചികില്‍സിക്കുന്നവരും തൊട്ട് പ്രവാചക വൈദ്യവും യോഗാഭ്യാസവും മന്ത്രവാദവും മറ്റും നടത്തി തട്ടിപ്പ് ഉപജീവനമാക്കിയവരും വരെ ഇക്കൂട്ടത്തില്‍പ്പെടും. ആധുനികവും ശാസ്ത്രീയവുമായ ചികില്‍സാ സമ്പ്രദായത്തിനെതിരായി ഇക്കൂട്ടര്‍ നടത്തിപ്പോരുന്ന വ്യാജവിദ്യകള്‍ക്ക് അറുതിവരുത്താനാണ് ഇപ്പോഴത്തെ നടപടി. അതൊരു സന്ദേശമാണെന്ന് ആരോഗ്യമന്ത്രി പറയുന്നത് തികച്ചും പ്രസക്തമാണുതാനും. എങ്കിലും, ആധുനിക വൈദ്യശാസ്ത്രം നിര്‍ണയിക്കുന്ന മരുന്നില്‍ അടങ്ങിയിട്ടുള്ള അപകടങ്ങളെപ്പറ്റി ഒരാള്‍ സൂചിപ്പിച്ചു എന്നതുകൊണ്ട് മാത്രം അയാളെ ജയിലിലടയ്ക്കുന്നത് എത്രത്തോളം നീതീകരിക്കാനാവും? അലോപ്പതി വൈദ്യശാസ്ത്ര തത്ത്വങ്ങളനുസരിച്ച് ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും യൂനാനിക്കും യാതൊരു അടിത്തറയുമില്ല. വടക്കുംചേരിയെ അറസ്റ്റ് ചെയ്ത ന്യായം വച്ചുനോക്കിയാല്‍ അശാസ്ത്രീയ ചികില്‍സ നടത്തുന്ന ഹോമിയോ-ആയുര്‍വേദ ചികില്‍സകരെയും പിടികൂടണം. അതേസമയം, പൊതുചെലവില്‍ ഈ ചികില്‍സാ സമ്പ്രദായങ്ങള്‍ പഠിപ്പിക്കുകയും പ്രസ്തുത വൈദ്യശാഖകളനുസരിച്ചുള്ള ആശുപത്രികള്‍ നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകൃതിചികില്‍സയ്ക്കുമുണ്ട് നമ്മുടെ നാട്ടില്‍ കോഴ്‌സുകളും കോളജുകളും. അവയുടെയെല്ലാം കാര്യമോ?
വ്യാജ വൈദ്യന്മാര്‍ പിടിക്കപ്പെടണം. അവാസ്തവ പ്രചാരണങ്ങള്‍ ഇല്ലാതാക്കുകയും വേണം. അതിന് ഇപ്പോള്‍ കണ്ട അറസ്റ്റല്ല വഴി. കത്തോലിക്കാ ബിഷപ്പിന്റെ പേരില്‍ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് മാസമൊന്നു കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത പോലിസിന് ജേക്കബ് വടക്കുംചേരിയുടെ കാര്യത്തില്‍ മാത്രം എന്തൊരു ഉശിര്! പരാക്രമം പ്രാകൃത ചികില്‍സകരില്‍ മാത്രം പോരാ.

Next Story

RELATED STORIES

Share it