kozhikode local

ചാലിയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കണമെന്ന്‌

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിലെ കാലം തെറ്റിയുള്ള വരള്‍ച്ച തടയുന്നതിന് ചാലിയാറിലെ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടര്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ 17 വര്‍ഷത്തോളമായി കൊടും വേനലിലും ചാലിയാറിലും ചാലിയാറിന്റെ പോഷക നദികളായ ഇരുവഴിഞ്ഞിയും മറ്റും ജലസമൃദ്ധമായിരുന്നു. ചാലിയാര്‍ റെഗുലേറ്റര്‍ കംബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നതു കൊണ്ടാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കടുത്ത വേനലിലും അനുഭവപ്പെടാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് വളരെയധികം താഴുകയും കിണറുകളിലെ ജലവിതാനം കുത്തനെ താഴുകയും കുടിവെളളപദ്ധതികള്‍ക്ക് പമ്പിങ്ങിനു പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വെള്ളം അപകടകരമായി താഴുകയും ചെയ്തിട്ടുണ്ട്. ഷട്ടറുകള്‍ അടച്ച് ചാലിയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കല്‍ മാത്രമാണ് പരിഹാരം. ചാലിയാറിലേയും ഇരുവഴിഞ്ഞിയിലേയും ചാലിയാറിന്റെ പോഷകനദികളിലേയും ജലനിരപ്പിനനുസരിച്ചാണ് കോഴിക്കോട് മലപ്പുറം ജില്ലകളിലെ കിണറുകളിലെയും മറ്റു കുടിവെള്ള സ്രോതസ്സുകളിലെയും ജല നിരപ്പ് ഉയരുന്നത്. അതിനാല്‍ എത്രയും പെട്ടെന്ന് ചാലിയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കണമെന്ന് ഇരുവഴിഞ്ഞി സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും ചാലിയാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചാര്‍ജ് വഹിക്കുന്ന ജലസേന വകുപ്പ് എന്‍ജിനീയര്‍ക്കും ഇരുവഴിഞ്ഞി സംരക്ഷണ സമിതി നിവേദനം നല്‍കി. യോഗത്തില്‍ ചെയര്‍മാന്‍ പി പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഒ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം സി മുഹമ്മദ്, മോഹനന്‍ ചൂലൂര്, രാജീവ് കൗതുകം, രാജു സംസാരിച്ചു.

Next Story

RELATED STORIES

Share it