Flash News

ചാലക്കുടി രാജീവ് വധം : അഡ്വ. സി പി ഉദയഭാനു റിമാന്‍ഡില്‍



ചാലക്കുടി: രാജീവ് വധക്കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത അഡ്വ. സി പി ഉദയഭാനുവിനെ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് അയച്ചു. ചാലക്കുടി ഡിവൈഎസ്പി ഓഫിസില്‍ വിശദമായ ചോദ്യംചെയ്യലിനു ശേഷം വ്യാഴാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ ഉദയഭാനുവിനെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സൂരജ് ആണ് റിമാന്‍ഡ് ചെയ്തത്. ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. രാജീവ് വധം നാലു പ്രതികളുടെ കൈയബദ്ധമായിരുന്നുവെന്നും തനിക്കതില്‍ പങ്കില്ലെന്നുമാണ് ഉദയഭാനുവിന്റെ നിലപാട്. രാജീവില്‍ നിന്ന് രേഖകളില്‍ ഒപ്പുവച്ചു വാങ്ങാന്‍ മാത്രമാണ് ഉപദേശിച്ചത്. അതല്ലാതെ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നും അദ്ദേഹം പോലിസിനോടു വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍ നിന്ന് ഉദയഭാനുവിനെ പോലിസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ സപ്തംബര്‍ 29നാണ് രാജീവിനെ ചാലക്കുടി പരിയാരം തവളക്കുഴിപ്പാറയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ കെട്ടിടത്തില്‍ ശ്വാസംമുട്ടി മരിച്ചനിലയില്‍ കണ്ടത്. മരണം കൊലപാതകമാണെന്ന് അന്നേ പോലിസ് സ്ഥിരീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it