thrissur local

ചാലക്കുടി മേഖലയില്‍ ഫാഷന്‍ ഫ്രൂട്ട് കൃഷി വ്യാപകമാവുന്നു



ചാലക്കുടി: ചാലക്കുടി മേഖലയില്‍ ഫാഷന്‍ ഫ്രൂട്ട് കൃഷി വ്യാപകമാകുന്നു. ഈ പഴവര്‍ഗ്ഗത്തിന്‍ ആവശ്യക്കാര്‍ ഏറിയതാണ് ഇപ്പോഴത്തെ ഡിമാന്റിന് കാരണമായത്. പ്രമേഹം, കാന്‍സര്‍ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പ്രചരണമാണ് ഫാഷന്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ കാരണം. ആവശ്യക്കാര്‍ കൂടിയതോടെ ഇവയുടെ കൃഷി വ്യാപകമാവുകയിരിക്കുകയാണ്. പരിയാരം, കോടശ്ശേരി മേഖലയിലാണ് കാര്യമായ കൃഷിനടക്കുന്നത്. പരിയാരം സ്വാശ്രയ സഹകരണ സംഘത്തില്‍ ഫാഷന്‍ ഫ്രൂട്ട് വാങ്ങാനെത്തുന്ന കച്ചവടക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഈയടുത്ത കാലുത്തുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മഞ്ഞ, ചുവപ്പ്, ഇളം ചുവപ്പ് എന്നിങ്ങനെയുള്ള മൂന്ന് തരത്തിലുള്ള ഫാഷന്‍ ഫ്രൂട്ടാണ് സംഘത്തില്‍ എത്തുന്നത്. ചുവപ്പ് നിറത്തിലുള്ളതിന് മധുരം കൂടുതലാണ്. എന്നാല്‍ മഞ്ഞ നിറത്തിലുള്ളതാണ് ഔഷധ ഗുണത്തില്‍ കേമന്‍. കിലോയ്ക്ക് നൂറ് രൂപക്കാണ് ഇവിടത്തെ വില്പന. മാര്‍ക്കറ്റുകളില്‍ ഇതിന്റെ വില ഇരുനൂറിനപ്പുറമാണ്. ഫാഷന്‍ ഫ്രൂട്ടിന് ആവശ്യക്കാര്‍ ഏറിയതോടെ പ്രാദേശിക തലത്തില്‍ ഇവ കൃഷിചെയ്യാന്‍ സംഘം നേതൃത്വം നല്കുന്നുണ്ട്. ഇതിനായി ഫാഷന്‍ ഫ്രൂട്ടിന്റെ തൈകള്‍ ഇവിടെ കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നുമുണ്ട്. മറ്റ് കൃഷിയെ അപേക്ഷിച്ച് പരിചരണം കുറവ് മതിയെന്നതിനാല്‍ ഈ കൃഷിയിലേക്ക് തിരിയുന്ന കര്‍ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
Next Story

RELATED STORIES

Share it